ശബരിമല സ്ത്രീ പ്രവേശനം : കടുത്ത നിലപാടുകളുമായി പന്തളം രാജകൊട്ടാരം


പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കൂടുതല്‍ കടുത്ത നിലപാടുകളുമായി പന്തളം രാജകൊട്ടാരം. ശബരിമല പ്രശ്‌നത്തില്‍ സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ ദേവസ്വം ഭരണത്തില്‍ നിന്ന് ശബരിമലയെ മോചിപ്പിച്ച് ട്രസ്റ്റ്  രൂപീകരിച്ച് വിശ്വാസികള്‍ക്ക് ഭരണം കൈമാറുമെന്നും ക്ഷേത്രം അടച്ചിടുവാനുള്ള അധികാരം രാജകൊട്ടാരത്തിനുണ്ടെന്നും കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടുകള്‍ വിശ്വാസികള്‍ക്കെതിരായി തുടരുകയാണങ്കില്‍ ദേവസംബോര്‍ഡില്‍ നിന്ന് ശബരിമല ക്ഷേത്രം തിരിച്ചുപിടിച്ചു ഭക്തരുടെ നിലപാടുകള്‍ക്കും വികാരങ്ങള്‍ക്കും വില നല്‍കുന്ന ട്രസ്റ്റ് രൂപീകരിച്ച് ശബരിമല പൊതുസ്വത്തായി നിലനിര്‍ത്തുമെന്ന് ശശികുമാരവര്‍മ്മ വ്യക്തമാക്കി.

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കില്ലെന്ന ദേവസ്വം ബോര്‍ഡിന്റെ നിലപാട് ശരിയല്ലെന്നും ശശികുമാരവര്‍മ മാധ്യമങ്ങളോട് പറഞ്ഞു.  സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെങ്കില്‍ 1949 ല്‍ തിരുവിതാംകൂര്‍ രാജാവുമായി കേന്ദ്ര സര്‍ക്കാര്‍ ഒപ്പിട്ട ഉടമ്പടി പ്രകാരം രാജകൊട്ടാരത്തിന് ക്ഷേത്രം അടച്ചിടുവാനുള്ള അധികാരമുണ്ട്. അത് സ്വീകരിക്കുവാന്‍ മടിക്കില്ല എന്ന് ശശികുമാര വര്‍മ്മ വ്യക്തമാക്കി.

സവര്‍ണ അവര്‍ണ വേര്‍തിരിവുണ്ടാക്കി ആളുകളെ തമ്മിലടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് സംശയമുണ്ട്. നിലയ്ക്കലിലെ സംഘര്‍ഷമടക്കമുള്ള കാര്യങ്ങളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ശശികുമാര്‍ വര്‍മ്മ ആവശ്യപ്പെട്ടു. 

You might also like

Most Viewed