ശബരിമല നട അടച്ചു : മണ്ഡലകാല തീർഥാടനത്തിനായി 16ന് തുറക്കും


പത്തനംതിട്ട : ചിത്തിര ആട്ടത്തിരുനാൾ പൂജകൾ പൂർത്തിയാക്കി ശബരിമല നട അടച്ചു. മുൻവർഷങ്ങളേക്കാൾ മൂന്നിരട്ടിയിലധികം ഭക്തർ ഇത്തവണ എത്തിയത്തായാണ് വിവരം.കനത്ത പൊലീസ് സുരക്ഷാ വലയത്തിലായിരുന്നു ശബരിമലയും പരിസര പ്രദേശങ്ങളും. യുവതീപ്രവേശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളൊഴിവാക്കാൻ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. മണ്ഡലകാല തീർഥാടനത്തിനായി 16ന് നട തുറക്കും.

ശബരിമലയിൽ ദേവസ്വം ബോർഡ് അംഗവും ആർഎസ്എസ് നേതാവും ആചാരലംഘനം നടത്തിയെന്ന ആക്ഷേപങ്ങൾക്കിടെ പ്രതികരണവുമായി ശബരിമല തന്ത്രി രംഗത്തെത്തി. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടുന്നത് ആചാരലംഘനമാണെന്നു തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. പന്തളം രാജകുടുംബത്തിനും തന്ത്രിക്കും മേൽശാന്തിക്കും മാത്രമാണ് ഇരുമുടിക്കെട്ടില്ലാതെ കയറാൻ അനുവാദമുള്ളതെന്നും തന്ത്രി വ്യക്തമാക്കി.

ആർഎസ്എസ് നേതാവ് വൽ‌സൻ തില്ലങ്കേരിക്കു പിന്നാലെ ദേവസ്വം ബോർഡ് അംഗം കെ.പി.ശങ്കരദാസും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയതു ചർച്ചയായിരുന്നു. ഇരുമുടിക്കെട്ടില്ലാതെ ശങ്കരദാസ് പതിനെട്ടാംപടി കയറുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇരുവർക്കുമെതിരെ നടപടി വേണമെന്ന് ഭക്തരും സംഘടനകളും ആവശ്യപ്പെട്ടു.

സംഘപരിവാര്‍ നേതാക്കള്‍പോലും സന്നിധാനത്ത് ആചാരം പാലിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. ശബരിമലയുടെ പവിത്രത നിലനിർത്താൻ ബിജെപിക്കു ഉദ്ദേശ്യമില്ല. സംഘര്‍ഷം മാത്രമാണു ചിലരുടെ ലക്ഷ്യം. കേരളത്തിലെ വിശ്വാസികളെ കയ്യിലാക്കാമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

You might also like

Most Viewed