ബന്ധുവിനെ നിയമിച്ചത് യോഗ്യതയുള്ള 6 പേരെ ഒഴിവാക്കി; കെ.ടി.ജലീലിന് കുരുക്ക്


കണ്ണൂർ:  ബന്ധുനിയമന വിവാദത്തിൽ  മന്ത്രി കെ.ടി.ജലീലിനെതിരെ പുതിയ തെളിവുകൾ . ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിലെ ജനറൽ മാനേജർ തസ്തികയിൽ അപേക്ഷിച്ച 6 പേർക്കു യോഗ്യതയുണ്ടെന്ന രേഖകളാണു പുറത്തുവന്നത്. എംബിഎ അല്ലെങ്കിൽ ബിടെക്, 3 വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണു യോഗ്യതയായി വിജ്ഞാപനത്തിൽ കാണിച്ചിരുന്നത്.  ബന്ധുവിനെ നിയമിക്കാൻ കോർപറേഷനിൽ മനഃപൂർവം ഒഴിവുണ്ടാക്കുകയായിരുന്നു എന്ന വിവരവും പുറത്തുവന്നു.

 നേരത്തേ ഈ തസ്തികയിലുണ്ടായിരുന്ന വനിതാ വികസന കോർപറേഷനിലെ റീജനൽ മാനേജരെ മാതൃസ്ഥാപനത്തിലേക്കു തിരിച്ചയച്ചാണ് ഒഴിവുണ്ടാക്കിയെടുത്തത്. അദ്ദേഹത്തിന്റെ  സേവനം ആവശ്യമാണെന്ന ഡയറക്ടർ ബോർഡിന്റെ ശുപാർശ തള്ളുകയായിരുന്നു.

ഡപ്യൂട്ടേഷൻ കാലാവധി 5 വർഷം വരെ നീട്ടാമെന്നിരിക്കെയാണു പ്രവർത്തന പരിചയമുള്ള ആളെ ഒരു വർഷം കഴിഞ്ഞയുടനെ പറഞ്ഞുവിട്ടത്. അതേസമയം, മന്ത്രി കെ.ടി.ജലീലിനെ മുഖ്യമന്ത്രി പുറത്താക്കിയില്ലെങ്കിൽ നിയമനടപടികളിലേക്കു കടക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞു. ആവശ്യമെങ്കിൽ ഗവർണറെ കാണും. സത്യപ്രതിജ്ഞാലംഘനവും സ്വജനപക്ഷപാതവും ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുമെന്നും മജീദ് പറഞ്ഞു. 

You might also like

Most Viewed