ബ്രൂവറി അന്വേഷണം : പ്രതിപക്ഷ നേതാവ് നല്‍കിയ കത്ത് ഗവര്‍ണര്‍ തള്ളി


തിരുവനന്തപുരം : ബ്രൂവറികള്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് നല്‍കിയ കത്ത് ഗവര്‍ണര്‍ തള്ളി. ബ്രൂവറി വിഷയത്തില്‍ അന്വേഷണം ആവശ്യമില്ലെന്നു പ്രതിപക്ഷ നേതാവിനു ഗവര്‍ണറുടെ ഓഫിസ് മറുപടി നല്‍കി. സര്‍ക്കാര്‍ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണു പ്രതിപക്ഷ നേതാവിന്റെ ആവശ്യം തള്ളിയതെന്നും മറുപടിക്കത്തില്‍ വ്യക്തമാക്കുന്നു.

പ്രതിപക്ഷനേതാവ് അന്വേഷണം ആവശ്യപ്പെട്ടു കത്തു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനോടു ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ആരോപണം ഉയര്‍ന്നതിനാല്‍ ബ്രൂവറികള്‍ക്കുള്ള അനുമതി റദ്ദാക്കിയെന്നും നടപടികളില്‍ അപാകത ഇല്ലെന്നുമായിരുന്നു റിപ്പോര്‍ട്ട്.

ബ്രൂവറികളില്‍ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതിയും തള്ളിയിരുന്നു. അനുമതി പിന്‍വലിച്ച സാഹചര്യത്തില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു കോടതി നിലപാട്. ഇക്കാര്യങ്ങള്‍ പരിശോധിച്ചശേഷമാണു ഗവര്‍ണര്‍ അനുമതി നിഷേധിച്ചത്.

ബ്രൂവറി ഡിസ്റ്റിലറി ഇടപാടുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍, എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമത്തിലെ (2018 ഭേദഗതി) സെക്‌ഷന്‍ 17 എ(1) പ്രകാരം അന്വേഷണത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്കു കത്തു നല്‍കിയത്. ബ്രൂവറി അനുമതി റദ്ദാക്കിയാലും മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും എതിരെ കേസ് എടുക്കാമെന്ന് അഴിമതി നിരോധന നിയമത്തിലെ സെക്‌ഷന്‍ 15ല്‍ പറയുന്നുണ്ടെന്നു കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

You might also like

Most Viewed