വോട്ടിന്റെയും സീറ്റിന്റെയും പേരില്‍ നിലപാടില്‍നിന്നും പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം : വോട്ടിന്റെയും സീറ്റിന്റെയും പേരില്‍ ശബരിമലയിൽ കൈക്കൊണ്ട നിലപാടില്‍നിന്നും പിന്നോട്ടുപോകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ മതനിരപേക്ഷമായി നിലനിര്‍ത്തുക എന്നതു മാത്രമാണു സര്‍ക്കാരിന്റെ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.

വോട്ടു നഷ്ടപ്പെടുമെന്നു ഭയന്നു ശബരിമല പ്രശ്നത്തിലെടുത്ത നിലപാടില്‍ വെള്ളം ചേര്‍ക്കില്ല. ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ മനുഷ്യനെ വേര്‍തിരിക്കുന്ന ദുശാസനന്‍മാര്‍ കേരളത്തിലേക്കു വീണ്ടും കടന്നുവന്നു തിരനോട്ടം നടത്തുകയാണ്. സമൂഹത്തില്‍ വലിയ വിടവുകളുണ്ടാക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നു. ഇതു വിജയിക്കാന്‍ അനുവദിച്ചാല്‍ ഇന്നു കാണുന്ന കേരളം ഉണ്ടാകില്ല. ഒന്നിനുവേണ്ടിയും ആധുനിക കേരളത്തെ ബലികൊടുക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഏതു പുരോഗതിയിലേക്കു കുതിക്കണമെങ്കിലും ജാതി–മത നിരപേക്ഷമായ മനസുകളുടെ ഐക്യം എന്ന അടിത്തറയുണ്ടാകണമെന്നും അതു തകര്‍ക്കാന്‍ ആരേയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഡിവൈഎഫ്‌ഐ മുഖമാസികയായ യുവധാര ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ മുഖ്യമന്ത്രി വിതരണം ചെയ്തു.

You might also like

Most Viewed