‘അരവണ’യുടെ ട്രേഡ് മാർക്ക് പേറ്റന്റ് സിംഗപ്പൂർ കമ്പനിക്കു നൽകാൻ നീക്കം


തിരുവനന്തപുരം : ശബരിമലയിലെ പ്രസാദമായ ‘അരവണ’യുടെ ട്രേഡ് മാർക്ക് പേറ്റന്റ് സിംഗപ്പൂർ കമ്പനിക്കു നൽകാൻ നീക്കമെന്ന് ആരോപണം. ‘അരവണ’ എന്ന പേര് സിംഗപ്പൂർ കമ്പനിക്കു നൽകരുതെന്നാവശ്യപ്പെട്ടു ക്ഷത്രിയ ക്ഷേമസഭ കൊൽക്കത്തയിലെ ട്രൈബ്യൂണലിനു പരാതി അയച്ചു.

ശബരിമലയിലെ അരവണ, പ്രസാദമെന്ന നിലയിൽ ലോകമെങ്ങും പ്രസിദ്ധവുമാണ്. ഇന്ത്യയ്ക്കു പുറത്ത് ഒരിടത്തും അരവണ എന്ന പേരിൽ പ്രസാദം ലഭ്യവുമല്ല. സിംഗപ്പൂരിലെ കുവോക് ഓയിൽസ് ആൻഡ് ഗ്രെയ്ൻസ് ലിമിറ്റഡ് എന്ന കമ്പനിയുടെ അപേക്ഷ കൊൽക്കത്തയിലെ ട്രൈബ്യൂണലിനു മുന്നിലുണ്ടെന്നു ദേവസ്വം ബോർഡിന് അറിയാമെന്നും ഇതിനെതിരെ ഒരു നീക്കവും നടത്തിയിട്ടില്ലെന്നും ക്ഷത്രിയക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് കെ.എൻ. സുരേന്ദ്രനാഥ വർമ, ജനറൽ സെക്രട്ടറി ആത്മജവർമ തമ്പുരാൻ എന്നിവർ ചൂണ്ടിക്കാട്ടി.

അരവണ പായ്ക്ക് ചെയ്യുന്ന ടിന്നിന്റെ അടപ്പ് ഉണ്ടാക്കുന്നതിനു നേരത്തെ സിംഗപ്പൂരിലെ കമ്പനിക്ക് ഉപകരാർ നൽകിയിരുന്നു. അതേസമയം സിംഗപ്പൂരിലെ ഏതെങ്കിലും കമ്പനി അരവണ എന്ന പേരു സ്വന്തമാക്കാൻ ശ്രമിക്കുന്നതായി അറിവില്ലെന്നു ദേവസ്വം കമ്മിഷണൽ എൻ.വാസു പ്രതികരിച്ചു.

You might also like

Most Viewed