സര്‍വകക്ഷി യോഗം ഇന്ന് : സര്‍ക്കാര്‍ ശ്രമിക്കുന്നത് ശാശ്വതമായ പരിഹാരം ഉറപ്പാക്കാൻ


തിരുവനന്തപുരം : മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല നട നാളെ തുറക്കാനിരിക്കെ ഇന്നത്തെ ദിനം നിര്‍ണായകം. സര്‍ക്കാര്‍ വിളിച്ചിരിക്കുന്ന സര്‍വകക്ഷി യോഗം ഉള്‍പ്പെടെ നിരവധി ചര്‍ച്ചകളാണ് ഇന്ന് നടക്കുന്നത്. പ്രശ്‌നപരിഹാരത്തിനുള്ള അവസാന ശ്രമമെന്ന നിലയിൽ സര്‍വകക്ഷി യോഗത്തിലാണ് ഏവരുടേയും ശ്രെദ്ധ. സര്‍വകക്ഷിയോഗത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ശബരിമലയില്‍ സുരക്ഷ ശക്തമാക്കും. പൊലീസ് വിന്യാസത്തില്‍ വരുത്തേണ്ട മാറ്റങ്ങളും ചര്‍ച്ചയാകും.

തീര്‍ഥാടനകാലം തുടങ്ങും മുന്‍പ് വിവാദങ്ങളില്‍നിന്ന് ഒഴിഞ്ഞു മാറാനുള്ള സര്‍ക്കാരിന്റെ അവസാന ശ്രമമായാണ് ഇന്നത്തെ സര്‍വകക്ഷിയോഗം വിലയിരുത്തപ്പെടുന്നത്. മുന്‍ നിലപാടുകള്‍ മയപ്പെടുത്തിയെന്ന തോന്നലുളവാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞതോടെ പ്രതിപക്ഷ കക്ഷികളും ചര്‍ച്ചയില്‍ പ്രതീക്ഷ പുലര്‍ത്തുന്നു. യുവതീ പ്രവേശനമാകാമെന്ന വിധി സുപ്രീംകോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ വിധി നടപ്പിലാക്കേണ്ടതില്ലെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തിയിട്ടില്ല.

ചിത്തിര ആട്ടത്തിരുനാളിന് നടന്ന തുറന്നപ്പോഴുണ്ടായ പ്രശ്നങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ദേശവിരുദ്ധ ശക്തികള്‍ മുതലെടുക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും സര്‍ക്കാരിനു മുന്നിലുണ്ട്. എത്ര സുരക്ഷ ഒരുക്കിയാലും ഭക്തരെ തടയുന്നതിനു പരിമിതികളുണ്ടെന്ന തിരിച്ചറിവും സര്‍ക്കാര്‍ മുന്‍ നിലപാട് മയപ്പെടുത്തുന്നതിനു കാരണമായി. എല്ലാ പാര്‍ട്ടികളില്‍നിന്നും അഭിപ്രായം അറിഞ്ഞശേഷം നിയമോപദേശം തേടാനാണ് സര്‍ക്കാര്‍ തീരുമാനം. തന്ത്രിയുമായും പന്തളം കൊട്ടാരം പ്രതിനിധികളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും.

സംഘര്‍ഷം ഒഴിവാക്കി ശാശ്വതമായ പരിഹാരം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്. പ്രശ്നപരിഹാരത്തിനാണ് ശ്രമമെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കുന്നു. വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍‌ സാവകാശം തേടുമെന്ന പ്രചാരണങ്ങള്‍ക്ക് ഇത് ശക്തിപകരുന്നുണ്ട്. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കോണ്‍ഗ്രസ്. 22വരെ സുപ്രീംകോടതി വിധി നടപ്പിലാക്കരുതെന്നും പഴയ സ്ഥിതി തുടരണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

You might also like

Most Viewed