15000 കോടിയുടെ പദ്ധതികളുമായി കൊച്ചി കപ്പല്‍ശാല


കൊച്ചി: അഞ്ച് വര്‍ഷത്തിനുള്ളില്‍ കൊച്ചി കപ്പല്‍ശാല നടപ്പാക്കുക 15,000 കോടി രൂപയുടെ പദ്ധതികള്‍. അന്തര്‍വാഹിനി നശീകരണ സംവിധാനവും നാവികസേനയ്ക്കായി വിമാനവാഹിനിക്കപ്പലും അടക്കമുള്ളവ നിര്‍മ്മിക്കാനുള്ള കരാറാണ് കപ്പല്‍ശാലയ്ക്ക് ലഭിച്ചിരിക്കുന്നത്. കൊച്ചി കപ്പല്‍ശാലയോട് അനുബന്ധിച്ച് ഒരു ഡ്രൈ ഡോക്കും മുംബൈയിലും കൊല്‍ക്കത്തയിലും പോര്‍ട്ട്‌ബ്ലെയറിലും അറ്റകുറ്റപ്പണി കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനായി 2500 കോടിയുടേതാണ് കരാറെന്ന് കപ്പല്‍ശാല എം.ഡി. മധു എസ്. നായരെ ഉദ്ധരിച്ച് ബിസിനസ്സ് സ്റ്റാന്‍ഡേഡ് റിപ്പോര്‍ട്ട് ചെയ്തു. നാവികസേനയ്ക്കായി അന്തര്‍വാഹിനി നശീകരണ കപ്പലുകളായ എഎസ്ഡബ്ല്യു കോര്‍വേറ്റ് എട്ടെണ്ണമാണ് കപ്പല്‍ശാല നിര്‍മ്മിക്കുക. ഇതിനായി 5400 കോടിയുടെ കരാര്‍ ഒപ്പിടുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. അടുത്തവര്‍ഷം ആദ്യത്തോടെ വിമാന വാഹിനി കപ്പല്‍ നിര്‍മ്മിക്കാനുള്ള പദ്ധതി തുടങ്ങും. 2021 ഫെബ്രുവരിയോടെ കപ്പലുകള്‍ നാവികസേനയ്ക്ക് കൈമാറും. 1800 കോടി ചിലവിട്ടാണ് പുതിയ വലിയ ഡ്രൈ ഡോക്ക് കൊച്ചി ശാലയോട് ചേര്‍ന്ന് നിര്‍മ്മിക്കുക. 2021 ജൂണോട് കൂടി ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും. ഇതിന്റെ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനുള്ള കരാര്‍ നല്‍കിയിരിക്കുന്നത് എല്‍ആന്‍ഡ്ടിക്കാണ്. 970 കോടി മുടക്കി രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണിക്കുള്ള കേന്ദ്രവും കൊച്ചിയില്‍ നിര്‍മ്മാണത്തിലാണ്. അടുത്ത വര്‍ഷം സപ്തംബറില്‍ നിര്‍മ്മാണം പൂര്‍ത്തിയാകും. കൊല്‍ക്കത്തയില്‍ ആധുനിക രീതിയിലുള്ള ചെറു കപ്പല്‍ശാലയുടെ നിര്‍മ്മാണം ഡിസംബറില്‍ തുടങ്ങും. ഇതോടൊപ്പം കൊല്‍ക്കത്തയിലും പോര്‍ട്ട്‌ബ്ലെയറിലും അറ്റകുറ്റപ്പണി കേന്ദ്രങ്ങള്‍ പണിയും.

You might also like

Most Viewed