ഗജ: എറണാകുളത്തിന് മുകളില്‍ ന്യൂനമര്‍ദ്ദം; ജാഗ്രതാ നിര്‍ദേശം


കൊച്ചി: ഗജ ചുഴലിക്കാറ്റിന്റെ ഭാഗമായി എറണാകുളം ജില്ലയുടെ മുകളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി ദുരന്ത നിവാര അതോറിറ്റി അറിയിച്ചു. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്നാണ് നിര്‍ദേശം. തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകള്‍ക്കാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കിന്നത്. ഈ ജില്ലകളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിമീ വേഗത്തിലും കാറ്റുവീശാന്‍ സാധ്യതയുണ്ട്. ശക്തമായ കാറ്റടിക്കുവാന്‍ സാധ്യത ഉള്ളതിനാല്‍ മരങ്ങള്‍, വൈദ്യുത തൂണുകള്‍, ടൗവറുകള്‍ എന്നിവിടങ്ങള്‍ അധികസമയം ചിലവഴിക്കിക്കുകയോ, വാഹനങ്ങള്‍ നിര്‍ത്തി ഇടുകയോ ചെയ്യാന്‍ പാടുള്ളതല്ല. ശക്തമായതോ അതി ശക്തമായതോ ആയ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ രാത്രികാല യാത്രകള്‍ ഒഴിവാക്കണം. ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്തു മലയോര മേഖലയിലോട്ടുള്ള യാത്ര ഒഴിവാക്കണം. മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യത മേഖലയില്‍ താമസിക്കുന്നവര്‍ എത്രയും പെട്ടന്ന് അവിടുനിന്നു മാറിത്താമസിക്കേണ്ടതാണ് എന്നും നിര്‍ദേശമുണ്ട്. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന് സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം പ്രത്യേകിച്ച് കുട്ടികള്‍ ഇറങ്ങുന്നില്ല എന്ന് മുതിര്‍ന്നവര്‍ ഉറപ്പുവരുത്തണം. നദിയില്‍ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക. നദിക്കരയോട് ചേര്‍ന്ന് താമസിക്കുന്നവരും മുന്‍കാലങ്ങളില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും ഒരു എമര്‍ജന്‍സി കിറ്റ് ഉണ്ടാക്കി വെക്കുന്നത് ഉചിതമായിരിക്കും.വീടിനുള്ളില്‍ വെള്ളം കയറുകയാണെങ്കില്‍ വൈദ്യുതി ബന്ധം വിച്ചേദിക്കുക. വലിയ മരങ്ങള്‍/ വീടിനു മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന തെങ്ങുകള്‍ എന്നിവയുടെ ചുവട്ടില്‍ വീടുള്ളവര്‍ അവിടെനിന്നു തല്ക്കാലം മാറിത്താമസിക്കുക.

You might also like

Most Viewed