തൃപ്തിക്കെതിരെ കർമസമിതിയുടെ നീക്കങ്ങൾ കൃത്യമായി ആസൂത്രണത്തോടെ


കൊച്ചി : തൃപ്തി ദേശായിക്കെതിരെ ശബരിമല കർമസമിതിയുടെ നീക്കങ്ങൾ കൃത്യമായി ആസൂത്രണത്തോടെയായിരുന്നു. ഇന്നലെ പുലർച്ചെ 4.40ന് തൃപ്തിയും ഒപ്പമുള്ളവരും വിമാനമിറങ്ങുമ്പോൾ നൂറിലേറെപ്പേർ വിമാനത്താവളത്തിന് പുറത്തുണ്ടായിരുന്നു. ഭൂമാത ബ്രിഗേഡിയർ പ്രവർത്തകരായ മനീഷ (42), മീനാക്ഷി (46), സ്വാതി (44), കവിത (29), ലക്ഷ്മി (43), സംഗീത (42) എന്നിവരാണു ത‍ൃപ്തിക്കൊപ്പമുണ്ടായിരുന്നത്.

പൊലീസ് സുരക്ഷ നൽകാമെന്നറിയിച്ചെങ്കിലും പ്രീപെയ്ഡ് കൗണ്ടറിലെ ഡ്രൈവർമാർ ഓട്ടം പോകാൻ തയാറായില്ല. പുലർച്ചെ വിമാനത്താവളത്തിലെത്തിയ മന്ത്രി ഇ.പി. ജയരാജനും, നടനും എംഎൽഎയുമായ മുകേഷും ഈ സമയം എത്തിയെങ്കിലും തൃപ്തിയെകാണാൻ ആരും കൂട്ടാക്കിയില്ല. തൃപ്തി ദേശായിയെ കാർഗോ ഗേറ്റിലൂടെ വിമാനത്താവളത്തിനു പുറത്തെത്തിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് അഭ്യൂഹം പരന്നതിനെത്തുടർന്നു പ്രവർത്തകർ അങ്ങോട്ടു പാഞ്ഞെങ്കിലും ഇതു തെറ്റാണെന്നു വ്യക്തമായി മടങ്ങി. ഇതിനിടെ തൃപ്തി വിളിച്ച ഓൺലൈൻ ടാക്സി 2 തവണ വിമാനത്താവളത്തിലെത്തിയെങ്കിലും പ്രതിഷേധം കണ്ടു മടങ്ങിപ്പോയി. അടുത്ത ഹോട്ടലിലേക്കു പോകാൻ സഹായിക്കണമെന്നു തൃപ്തി പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും പൊലീസ് വാഹനം നൽകാനാകില്ലെന്നും സ്വന്തം വാഹനം സജ്ജമാണെങ്കിൽ സുരക്ഷ നൽകാമെന്നുമായിരുന്നു മറുപടി.

ഉച്ചകഴിഞ്ഞതോടെ പ്രതിഷേധിക്കുന്നവരുടെ എണ്ണം ആയിരത്തോളമായി. ശബരിമലയിലേക്കു പുറപ്പെട്ടാൽ തടയാൻ ദേശീയപാതയിലും എംസി റോഡിലും തുടർന്നുള്ള വഴിയിലുടനീളവും ആളുകൾ സജ്ജരായി നിന്നിരുന്നു. ശബരിമല കർമ സമിതിയുടെ പേരിലായിരുന്നു പ്രതിഷേധ സമരമെങ്കിലും ബിജെപിയുടെ മുതിർന്ന നേതാക്കളും വിമാനത്താവളത്തിൽ പിന്തുണയുമായെത്തി. ബാരിക്കേഡുകളും ജലപീരങ്കിയും ഉൾപ്പെടെ വിമാനത്താവളത്തിൽ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.

You might also like

Most Viewed