പൊലീസ് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സമ്മതിച്ചില്ല: കെ സുരേന്ദ്രന്

പത്തനംതിട്ട: ആചാര ലംഘത്തിന് എതിരായ നിലപാട് എടുത്തതിന് സിപിഐഎം പൊലീസിനെ ഉപയോഗിച്ച് പ്രതികാര നടപടി ചെയ്യുകയാണ് എന്ന് അറസ്റ്റിലായ ബിജെപി നേതാവ് കെ സുരേന്ദ്രന്. അയ്യപ്പന്റെ ആചാരങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി അറസ്റ്റിലായതില്‍ സന്തോഷമേയുള്ളു. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമായിരുന്നു എന്നും കെ സുരേന്ദ്രന് പറഞ്ഞു. പൊലീസ് വലിയ രീതിയിലുള്ള മനുഷ്യാവകാശ ലംഘനമാണ് നടത്തിയത്. ഇന്നലെ രാത്രി തന്നെ ഉറങ്ങാന്‍ അനുവദിച്ചില്ല. മരുന്ന് കഴിക്കാനോ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനോ പൊലീസ് സമ്മതിച്ചില്ല. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകും എന്നും സുരേന്ദ്രന് പറഞ്ഞു. സമാധാനപരമായിട്ടാണ് ശബരിമലയിലേക്ക് പോയത്. യാതൊരു വിധത്തിലുള്ള പ്രകോപനവും ഉണ്ടാക്കിയിട്ടില്ല. ആള്‍ക്കൂട്ടത്തെയും കൊണ്ടല്ല താന്‍ പോയത്. നാല് ഭക്തന്മാര് മാത്രമാണ് കൂടെയുണ്ടായിരുന്നത്. ഒരു കാരണവും ഇല്ലാതെയാണ് തന്നെ അറസ്റ്റ് ചെയ്തത് എന്നും സുരേന്ദ്രന് ആരോപിച്ചു. ശബരിമലയില്‍ നിന്നും സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി അറസ്റ്റ് ചെയ്ത കെ സുരേന്ദ്രനെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. 14 ദിവസത്തേക്കാണ് സുരേന്ദ്രനെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്.