കെ.സുരേന്ദ്രന്‍റെ അറസ്റ്റ്; ദേശീയ പാതകള്‍ ഉപരോധിച്ച് ബിജെപി


തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബിജെപി ദേശീയപാതകള്‍ ഉപരോധിക്കുകയാണ്. നാമജപത്തോടെ ദേശീയപാതകളില്‍ കുത്തിയിരുന്നായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. പത്തനംതുട്ട, കോട്ടയം ജില്ലകളില്‍ പ്രതിഷേധക്കാര്‍ ഒരു വാഹനവും കടത്തിവിടാത്തതിനെ തുടര്‍ന്ന് അയ്യപ്പ ഭക്തര്‍ അടക്കമുള്ള യാത്രക്കാര്‍ പാതി വഴിയില്‍ യാത്ര അവസാനിപ്പിച്ചു. കെ. സുരേന്ദ്രന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്നും ഹര്‍ത്താലിനാണ് ബിജെപി ആദ്യം ആലോചിച്ചതെങ്കിലും ഇന്നലത്തെ ഹര്‍ത്താല്‍ പരിഗണിച്ച് ഒന്നര മണിക്കൂര്‍ റോഡ് ഉപരോധവും പ്രതിഷേധ പ്രകടനവും നടത്താന്‍ തീരുമാനിക്കുകയായിരുന്നു.  

തിരുവനന്തപുരത്ത്  രാവിലെ 9.30 മുതല്‍ നെയ്യാറ്റിൻകരയിൽ ബിജെപി റോഡ് ഉപരോധം തുടങ്ങി. തിരുവനന്തപുരം ജില്ലയില്‍ ആറ്റിങ്ങൽ, ഓവർ ബ്രിഡ്ജ്, വെഞ്ഞാറ്റംമൂട്, കാട്ടാക്കട, നെയ്യാറ്റിൻകര എന്നിവിടങ്ങളില്‍ ഉപരോധം നടക്കുന്നു. കാട്ടാക്കട, നെടുമങ്ങാട്‌ എന്നിവിടങ്ങളില്‍ 10 മണി മുതല്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയാണ്. ആലപ്പുഴയിൽ കളർകോഡ്  ജംഗ്ഷനിലാണ് റോഡ് ഉപരോധിക്കുന്നത്.  

എറണാകുളം ജില്ലയിലും റോഡ് ഉപരോധം പുരോഗമിക്കുകയാണ്.അങ്കമാലിയിലും മൂവാറ്റുപുഴയിലും പ്രതിഷേധ സമരങ്ങള്‍ നടക്കുകയാണ്. 

കോഴിക്കോട് ജില്ലയിൽ രാവിലെ 11 മണിക്ക് വടകര, കൊയിലാണ്ടി, കോഴിക്കോട് പാളയം, ബാലുശ്ശേരി, താമരശ്ശേരി എന്നിവിടങ്ങളില്‍ ഉരോധിക്കും. കോഴിക്കോട് മൈസൂര്‍ ദേശീയപാതയില്‍ കല്‍പ്പറ്റയിലും സുല്‍ത്താന്‍ബത്തേരിക്കടുത്ത് കൊളഗപ്പാറയിലും റോഡ് ഉപരോധിക്കും. വയനാട് ജില്ലയില്‍ മാനന്തവാടിയില്‍ ഉപരോധം തുടരുകയാണ്. 

ബിജെപി സംസ്‌ഥാന അധ്യക്ഷൻ പി എസ്‌ ശ്രീധരൻ പിള്ള, ഒ രാജഗോപാൽ എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ പത്തനംതിട്ട കെഎസ്ആർടിസിഡിപ്പോയ്ക്ക് സമീപം വൈകീട്ട് 4 മുതൽ 6 വരെ ഉപവാസം അനുഷ്ഠിക്കും.

You might also like

Most Viewed