സാവകാശ ഹര്‍ജി തിരിച്ചടിയാകുമോ എന്ന ആശങ്കയില്‍ ദേവസ്വം ബോര്‍ഡ്


തിരുവനന്തപുരം : ശബരിമല വിഷയത്തിൽ നൽകിയ സാവകാശ ഹര്‍ജി തിരിച്ചടിയാകുമോ എന്ന ആശങ്കയില്‍ ദേവസ്വം ബോര്‍ഡ്. ഹര്‍ജി ഇന്നു കോടതിയില്‍ സമർപ്പിക്കുമ്പോൾ തിരിച്ചടിയുണ്ടായാല്‍ എന്തു ചെയ്യണമെന്ന ആശയക്കുഴപ്പം ദേവസ്വം ആസ്ഥാനത്ത് നിലനിൽക്കുന്നുണ്ട്. കോടതിയില്‍ നിന്നും തിരിച്ചടിയുണ്ടായാല്‍ മണ്ഡലകാലം ബോര്‍ഡിനു കൂടുതല്‍ തലവേദന സൃഷ്ടിക്കും.

യുവതീപ്രവേശത്തിലെ വിധി നടപ്പാക്കാന്‍ സാവകാശം ചോദിച്ച് ഇന്നു സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാനിരിക്കെ അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും ദേവസ്വം ബോര്‍ഡ് ഭയപ്പെടുന്നു. വിധി നടപ്പാക്കാന്‍ തയാറാണെന്നും അതിനു സാവകാശം വേണമെന്നുമാണു ഹര്‍ജിയില്‍ ആവശ്യപ്പെടുക. പ്രളയം ചൂണ്ടിക്കാണിച്ച് സമര്‍പ്പിക്കുന്ന ഹര്‍ജി കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കില്ലെന്നാണു ദേവസ്വം ബോര്‍ഡിനു കിട്ടിയ നിയമോപദേശം.

എന്നാല്‍ സ്റ്റേ ഇല്ലെന്നു രേഖാമൂലം വ്യക്തമാക്കിയിട്ടും വിധി നടപ്പാക്കാന്‍ വൈമനസ്യമുണ്ടോ എന്ന ചോദ്യം കോടതി ചോദിച്ചാൽ മറുപടി പറയുന്നത് ബുദ്ധിമുട്ടാകും. ആവശ്യത്തിനുള്ള സൗകര്യമില്ല എന്നുള്ള ന്യായം നിലനില്‍ക്കുമോ എന്നതാണു മറ്റൊരു ചോദ്യം. ഇപ്പോള്‍ തന്നെയുള്ള നിര്‍മാണങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് സുപ്രീംകോടതിയുടെ മുന്നിലുണ്ട്.

എന്തൊക്കെ സംവിധാനങ്ങള്‍ ഒരുക്കാനാണു നിങ്ങള്‍ക്കു സാവകാശം വേണ്ടത്, എത്ര യുവതികള്‍ വന്നാല്‍ നിങ്ങള്‍ സൗകര്യം നല്‍കും എന്നുള്ള ചോദ്യങ്ങള്‍ കോടതിയില്‍നിന്ന് ഉയര്‍ന്നേക്കാം. കാര്യങ്ങള്‍ കൃത്യമായി ബോധിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിമര്‍ശനമോ ശാസനയോ ബോര്‍ഡിനു ലഭിക്കാം. സാവകാശ ഹര്‍ജി കോടതി തള്ളിയാല്‍ ഉടന്‍ യുവതി പ്രവേശനം നടത്തേണ്ടി വരുമെന്ന പ്രശ്നവും നിലനിക്കുന്നു.

You might also like

Most Viewed