ആളൊഴിഞ്ഞ് സന്നിധാനം : കെഎസ്ആർടിസി ബസുകൾ സർവീസ് നിർത്തി


പമ്പ : മണ്ഡലകാലത്തിന്റെ നാലാം ദിവസവും ആളൊഴിഞ്ഞ് സന്നിധാനം. 8000 പേർ മാത്രമാണ് ഇന്ന് ആദ്യ നാല് മണിക്കൂറിൽ മലകയറിയത്. മുൻവർഷങ്ങളിൽ മണിക്കൂറിൽ പതിനായിരത്തിലധികം പേർ മലകയറിയിരുന്നു. നടപ്പന്തലിൽ നിരയില്ലാത്തതിനാൽ മല കയറി വരുന്നവർക്കു നേരിട്ടു പതിനെട്ടാംപടികയറാം. ദർശനത്തിനും തിരക്കില്ല.

തീർഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതോടെ കെഎസ്ആർടിസിയുടെ നിലയ്ക്കൽ – പമ്പ ബസുകൾ സർവീസ് നിർത്തി. 310 ബസുകളിൽ 50 എണ്ണത്തിന്റെ സർവീസ് നിർത്തിവച്ചു. 10 ഇലക്ട്രിക് ബസുകളിൽ സർവീസ് നടത്തുന്നത് മൂന്നെണ്ണം മാത്രമാണ്.

കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ 21ന് ശബരിമല സന്ദർശിക്കും. ബിജെപി എംപിമാരായ നളീൻ കുമാർ കട്ടീലും വി.മുരളീധരനും ഇന്ന് ശബരിമലയിലെത്തും. പാർട്ടി സംസ്ഥാന സെക്രട്ടറി ജെ.ആർ.പദ്മകുമാറും പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകൻ കുളനടയും എംപിമാരോടൊപ്പമുണ്ടാകും. പമ്പയും സന്നിധാനവും എംപിമാർ സന്ദർശിക്കും. തുടർന്ന് അയ്യപ്പ ദർശനം നടത്തും. തീർഥാടകർക്കു സൗകര്യങ്ങളില്ലെന്ന പരാതിയെത്തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷനും ഇന്ന് ശബരിമല സന്ദർശിക്കും.

You might also like

Most Viewed