കരാറുകാരൻ പിന്മാറി : അരവണ ക്ഷാമമുണ്ടായേക്കുമെന്ന് ആശങ്ക


തിരുവനന്തപുരം : കണ്ടെയ്നർ വിതരണത്തിൽ നിന്നു കരാറുകാരൻ പിന്മാറിയതോടെ അരവണ ക്ഷാമമുണ്ടായേക്കുമെന്ന് ആശങ്ക. കരാർ ഏറ്റെടുത്തിരുന്ന കൊല്ലത്തെ ശ്രീവിഘ്നേശ്വര പായ്ക്ക്സ് പിൻമാറിയതിനെ തുടർന്നു ദേവസ്വം ബോർഡ് നിയമ നടപടിക്കൊരുങ്ങുകയാണ്.

കഴിഞ്ഞ ജൂലൈയിലാണ് ബോർഡ് ടെൻഡർ ക്ഷണിച്ചത്. ഒരു കണ്ടെയ്നറിന് 4.40 രൂപ വച്ച് 1.8 കോടി കണ്ടെയ്നറുകൾ വിതരണം ചെയ്യുന്നതിനു ശ്രീവിഘ്നേശ്വരയ്ക്കു കരാർ നൽകിയെങ്കിലും ബോർഡിന്റെ ഉത്തരവു ലഭിച്ചത് ഈ മാസം 8നാണെന്നു കരാറുകാർ പറയുന്നു.

വിജ്ഞാപന പ്രകാരം ഒക്ടോബർ 31 നകം 50% കണ്ടെയ്നറുകൾ കൈമാറണമെന്നും ശേഷിക്കുന്നവ വരുന്ന 30നു നൽകണമെന്നുമാണ് ഉത്തരവ്. 8നു കിട്ടിയ ഉത്തരവു പ്രകാരം ഈ മാസം 20 ന് 20 ലക്ഷം കണ്ടെയ്നറുകൾ നൽകണമെന്നും കരുതൽ നിക്ഷേപമായി ഒരു കോടി രൂപ അടയ്ക്കണമെന്നും വിജ്ഞാപനത്തിൽ ആവശ്യപ്പെടുന്നു. നിക്ഷേപത്തുക കുറയ്ക്കണമെന്നും കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയേറെ കണ്ടെയ്നറുകൾ നൽകാനാവില്ലെന്നും കമ്പനി ബോർഡിനെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ ബാക്കിവന്ന 80 ലക്ഷം കണ്ടെയ്നറുകളിലാണു നിലവിൽ അരവണ നൽകുന്നത്. ആവശ്യപ്പെട്ട പ്രകാരം കണ്ടെയ്നറുകൾ നിർമിച്ചു നൽകാനാവില്ലെന്നു കരാറുകാരൻ അറിയിച്ചിട്ടുണ്ടെന്നും നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും ദേവസ്വം കമ്മിഷണർ എൻ. വാസു വ്യക്തമാക്കി.

You might also like

Most Viewed