പ്രളയ ദുരിതാശ്വാസത്തില്‍ വ്യാപക പാളിച്ചയെന്ന് പ്രതിപക്ഷം


തിരുവനന്തപുരം: പ്രളയാനന്തര സഹായം വൈകുന്നത് സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്‍ നിയമസഭയില്‍ ചര്‍ച്ച തുടങ്ങി. പ്രളയ ദുരിതാശ്വാസത്തില്‍ സർക്കാരിന് വ്യാപകമായി പാളിച്ച പറ്റിയെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച വി ഡി സതീശന്‍ എംഎല്‍എ ആരോപിച്ചു. 100 ദിവസമായിട്ടും അര്‍ഹര്‍ക്ക് സഹായം കിട്ടിയിട്ടില്ല.

20 ശതമാനം പേര്‍ക്ക് ഇപ്പോഴും 10,000 രൂപ കിട്ടിയിട്ടില്ല. രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച തുക നല്‍കിയില്ല. 100 ദിവസം കഴിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴികളുടെ തോണി പോലും നന്നാക്കിയിട്ടില്ല. മത്സ്യത്തൊഴികളുടെ വീട് പട്ടിണിയിലാണ്. വീട് നഷ്ടപ്പെട്ടവര്‍ക്ക് താത്ക്കാലിക പരിഹാരം ഒരുക്കാനും കഴിഞ്ഞില്ല എന്നും അദ്ദേഹം ആരോപിച്ചു.

ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകളുണ്ട്. അവര്‍ക്കൊന്നും നഷ്ട പരിഹാരം നല്‍‌കിയിട്ടില്ല. കണക്കില്ലാത്ത ധനസമാഹരണമാണ് നടത്തിയത്. കിട്ടിയ പണത്തിന്‍റെ എട്ടിലൊന്ന് പോലും പുന:നിര്‍മ്മാണത്തിന് ചിലവാക്കിയിട്ടില്ല. ഗ്രാമീണ റോഡുകള്‍ ശരിയാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് പ്രഖ്യാപനങ്ങള്‍ മാത്രം ഉണ്ടായിരുന്നു. കുടുംബശ്രീ ലോണ്‍ പോലും കൃത്യമായി കിട്ടുന്നില്ല. മുഖ്യധാരാ ബാങ്കുകള്‍‌ ലോണ്‍ നല്‍കാന്‍ തയ്യാറാകുന്നില്ലെന്നും സതീശന്‍ പറഞ്ഞു.

അടിയന്തര പ്രമേയത്തിൻമേൽ സഭയിൽ ചർച്ച തുടരുകയാണ്. ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെന്ന് കാണിച്ചാണ് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്.  തുടര്‍ന്ന് ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. ഒരു മണി മുതല്‍ മൂന്ന് മണി വരെയാണ് ചര്‍ച്ച. 

You might also like

Most Viewed