സന്നിധാനത്തുനിന്നു വാങ്ങിയ അരവണ കാലാവധി കഴിഞ്ഞതെന്ന് പരാതി


ശബരിമല : സന്നിധാനത്തുനിന്നു വാങ്ങിയ അരവണ കാലാവധി കഴിഞ്ഞതെന്ന് പരാതി. എന്നാല്‍ ആക്ഷേപം തെറ്റാണെന്നും അങ്ങനെ സംഭവിക്കാന്‍ വഴിയില്ലെന്നും ദേവസ്വം വകുപ്പ് വ്യക്തമാക്കി. ഇന്നലെ സന്നിധാനത്തെ കൗണ്ടറില്‍ നിന്നു വാങ്ങിയ അരവണയാണ് 2017 ഡിസംബറില്‍ നിര്‍മിച്ചതാണെന്ന പരാതിയുമായി നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി രാധാകൃഷ്ണന്‍ ഡ്യൂട്ടി മജിസ്ട്രേറ്റിനെ സമീപിച്ചത്.

രാധാകൃഷ്ണന്റെ കൂടെ വന്ന രാജേഷ് വാങ്ങിയ അരവണയിൽ പായ്ക്ക് ചെയ്തെ തിയതി 2017 ഡിസംബര്‍ എട്ട് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പരാതി അടിസ്ഥാനരഹിതവും ദുരൂഹത ഉളവാക്കുന്നതുമാണെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡി. സുധീഷ്‌കുമാര്‍ പറഞ്ഞു. ഇപ്പോള്‍ വില്‍ക്കുന്ന അരവണ 2018 നവംബര്‍ 11 നു നിര്‍മിച്ചവയാണ്. മെഷീന്‍ നമ്പരിങ് സംവിധാനം വഴി ചെയ്തു വില്‍പനയ്‌ക്കെത്തിക്കുന്ന അരവണ പായ്ക്കുകളില്‍ കഴിഞ്ഞവര്‍ഷത്തെ ടിന്‍ വരില്ലെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.

കഴിഞ്ഞതവണ തയാറാക്കിയ അരവണ മുഴുവന്‍ മകരവിളക്കു സമയത്തും മാസപൂജാ സമയത്തും വിറ്റു തീര്‍ത്തുവെന്നു അരവണ സ്‌പെഷല്‍ ഓഫിസര്‍ പി. ദിലീപ്കുമാര്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, സ്റ്റേറ്റ് വിജിലന്‍സ്, ദേവസ്വം വിജിലന്‍സ് എന്നിവര്‍ അരവണ കൗണ്ടറുകള്‍, പ്രൊഡക്ഷന്‍, പാക്കിങ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി.

You might also like

Most Viewed