തന്ത്രിയെ മാറ്റണം : നിലപാട് ‘കടുപ്പിച്ച്’ സർക്കാർ


തിരുവനന്തപുരം : യുവതീപ്രവേശത്തെ തുടർന്നു സന്നിധാനത്ത് ശുദ്ധിക്രിയ ചെയ്ത തന്ത്രി കണ്ഠര് രാജീവരെ മാറ്റുന്ന കാര്യത്തിൽ നിലപാട് ‘കടുപ്പിച്ച്’ സർക്കാർ. സന്നിധാനത്തു നടന്നതു ശുദ്ധിക്രിയ മാത്രമല്ലെന്നും അയിത്താചരണവുമായി ബന്ധപ്പെട്ട ചടങ്ങാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ജാതി വിവേചനവുമായി ബന്ധപ്പെടുത്തി പ്രശ്നത്തിനു പുതിയ മാനം നൽകാനുള്ള നീക്കത്തിലാണു സർക്കാരെന്നാണ് മന്ത്രിയുടെ വാക്കുകൾ നൽകുന്ന സൂചന.

നവോത്ഥാന സംരക്ഷണത്തിൽ പിന്നാക്ക സമുദായ സംഘടനകളുടെ പിന്തുണ നേടിയ സർക്കാർ ഇക്കാര്യത്തിലും അവരുടെ പൂർണപിന്തുണയുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ്. മകരവിളക്കിനുശേഷം തന്ത്രിയുടെ വിശദീകരണം ലഭിച്ചാലുടനെ പ്രതിഷേധം ശക്തമാക്കാനാണു നീക്കം. താഴമൺ മഠം തന്ത്രിക്ക് അനുകൂലമായി നടത്തിയ പ്രസ്താവന അനുചിതമാണെന്ന അഭിപ്രായവും സർക്കാരിനുണ്ട്.

എന്നാൽ, കൂടുതൽ‍ വിവാദങ്ങളിലേക്ക് നീങ്ങാതെ തന്ത്രിയുമായി ബന്ധപ്പെട്ട വിവാദം പരിഹരിക്കാനാണ് ദേവസ്വം ബോർഡിന്റെ ശ്രമം. തന്ത്രിക്കെതിരായ നടപടി ഭക്തരുടെ പ്രതിഷേധം വർധിപ്പിക്കുമെന്നും ഇത് ക്ഷേത്രങ്ങളുടെ വരുമാനത്തെ ബാധിച്ചേക്കുമെന്നും ബോർഡിന് ആശങ്കയുണ്ട്.

You might also like

Most Viewed