അറസ്റ്റിലായ 10,024 പ്രതികളില്‍ 9,193 പേരും സംഘപരിവാറുകാർ : ഗവർ‌ണറോട് മുഖ്യമന്ത്രിയുടെ വിശദീകരണം


തിരുവനന്തപുരം : സന്നിധാനത്ത് യുവതികൾ എത്തിയതുമായി ബന്ധപ്പെട്ട് ശബരിമല കർമസമിതി നടത്തിയ ഹർത്താലിലുണ്ടായ അക്രമ സംഭവങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ പി.സദാശിവത്തിന് വിശദീകരണം നൽകി. ഇന്നലെ വൈകിട്ട് 7.30ന് ഗവർണറെ സന്ദർശിച്ചാണു സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച വിവരങ്ങൾ മുഖ്യമന്ത്രി അറിയിച്ചത്.

സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ ഭാഗമായി യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ള അക്രമങ്ങളെക്കുറിച്ചു വിശദമായ റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രി കൈമാറിയത്. വിധി പുറപ്പെടുവിച്ചതു മുതല്‍ സംസ്ഥാനത്തുണ്ടായ ആസൂത്രിത അക്രമ പരമ്പരയെക്കുറിച്ചും നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ നടന്ന അതിക്രമങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടിൽ പരാമർശങ്ങളുണ്ട്.

നിലയ്ക്കലിലും പമ്പയിലും മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരിടേണ്ടിവന്ന മര്‍ദനങ്ങളും പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളും അപവാദ പ്രചരണങ്ങളും റിപ്പോര്‍ട്ടിലുണ്ട്. അക്രമങ്ങള്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ 17 മാധ്യമപ്രവര്‍ത്തകര്‍ക്കു സാരമായി പരുക്കേറ്റു. സംസ്ഥാനത്ത് നടന്ന ഹര്‍ത്താലുകളുടെ പരമ്പരയില്‍ പൊലീസുകാര്‍ക്കും നിരപരാധികളായ മറ്റു പലര്‍ക്കും മാരകമായി പരിക്കേറ്റു. കെഎസ്ആര്‍ടിസി ബസുകളും സര്‍ക്കാര്‍ ഓഫീസുകളും വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഓഫിസുകളും നേതാക്കളുടെയും ജനപ്രതിനിധികളുടെയും വീടുകളും കച്ചവട സ്ഥാപനങ്ങളും തകർക്കപ്പെട്ടു.

അക്രമ സംഭവങ്ങളെത്തുടര്‍ന്ന് 1137 കേസുകള്‍ പൊലീസ് റജിസ്റ്റര്‍ ചെയ്തു. 10,024 പ്രതികളെ തിരിച്ചറിഞ്ഞതില്‍ 9193 പേര്‍ സംഘപരിവാര്‍ സംഘടനകളില്‍ പെടുന്നവരാണ്. 831 പേർ മറ്റു സംഘടനകളില്‍നിന്നുള്ളവരാണ്. തുലാമാസ പൂജ, ചിത്തിര ആട്ട വിശേഷം, മണ്ഡല-മകരവിളക്ക് എന്നീ സമയങ്ങളില്‍ ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ 5 പ്രമുഖ വനിതാ മാധ്യമ പ്രവര്‍ത്തകർ ഉൾപ്പെടെ മുപ്പതോളം സ്ത്രീകളെ തടയാനും മറ്റുമായി പ്രതിഷേധക്കാര്‍ രംഗത്തിറങ്ങി. ഇത് സുപ്രീംകോടതി വിധിയുടെ ലംഘനമാണ്.

വിവിധ വിശേഷ സമയങ്ങളില്‍ ശബരിമലയിലും വിവിധ പ്രദേശങ്ങളിലുമായി നടന്ന അക്രമ സംഭവങ്ങള്‍ സംബന്ധിച്ച് 2012 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. അതില്‍ തിരിച്ചറിഞ്ഞ പ്രതികള്‍ 10,561 പേരാണ്. ഇവരില്‍ സംഘപരിവാര്‍ സംഘടനകളില്‍ പെട്ടവര്‍ 9489 ഉം മറ്റുള്ളവര്‍ 1072 ഉം ആണ്. ഹര്‍ത്താലുമായി ബന്ധപ്പെട്ടു മാത്രം വിവിധ അക്രമ സംഭവങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത 1137 കേസുകളില്‍ തിരിച്ചറിഞ്ഞ പ്രതികള്‍ 10,024 പേരാണ്. ഇവരില്‍ 92 ശതമാനം പേരും സംഘപരിവാര്‍ സംഘടനയില്‍പ്പെട്ടവരാണ്.

You might also like

Most Viewed