209 തടവുകാർക്ക് ശിക്ഷാ ഇളവ്; സർ‍ക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി


കൊച്ചി: പത്ത് വർഷത്തിലധികം ജയിലിൽ കിടന്ന 209 തടവുകാർക്ക് ശിക്ഷാ ഇളവ് അനുവദിച്ച 2011 ലെ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പുറത്തു വിട്ടവരുടെ ലിസ്റ്റ് ഗവർണറും സർക്കാരും ആറുമാസത്തിനകം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി ഫുൾ ബെഞ്ച് ഉത്തരവിട്ടു.

മഹാത്മാ ഗാന്ധിയുടെ 150−മാത് ജന്മവാർഷികത്തോട് അനുബന്ധിച്ച് കേന്ദ്ര സർക്കാരിന്‍റെ തീരുമാന പ്രകാരമാണ് സംസ്ഥാന ജയിൽ വകുപ്പ് 209 ജയിൽ തടവുകാരെ വിട്ടയക്കാൻ തീരുമാനിച്ചത്. അന്ന് തന്നെ വിട്ടയക്കുന്നവരെ സംബന്ധിച്ച് വിവാദമുയർന്നിരുന്നു. കൊലപാതകക്കേസുകളിൽ  ഇരകളുടെ ബന്ധുക്കൾ നൽകിയ ഹർജിയും കോടതി സ്വമേധയാ എടുത്ത ഹർജിയും പരിഗണിച്ചാണ് ഇപ്പോൾ ഹൈക്കോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്.

ഇളവ് ലഭിച്ചവരിൽ പലരും പത്ത് വർഷം ശിക്ഷ അനുഭവിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 14 വർഷം ശിക്ഷ വിധിച്ചവരിൽ ശിക്ഷ പൂർത്തിയാക്കിയത് വെറും അഞ്ച് പേരായിരുന്നു. പത്ത് വർഷം ശിക്ഷ പൂർത്തിയാക്കിയത് 100 പേരാണ്. ഇങ്ങനെ 105 പേർ മാത്രമാണ് 10 വർഷം ശിക്ഷ പൂർത്തിയാക്കിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെയാണ് ഉത്തരവ് പുനഃപരിശോധിക്കാൻ ഹൈക്കോടതി നിർ‍ദ്ദേശിച്ചിരിക്കുന്നത്. പരിശോധനക്ക് ശേഷം യോഗ്യതയില്ലെങ്കിൽ ശിഷ്ട ശിക്ഷാ കാലയളവ് പൂർത്തിയാക്കേണ്ടി വരും.

You might also like

Most Viewed