സബ് കളക്ടറെ അപമാനിച്ച സംഭവം; എസ്. രാജേന്ദ്രനോട് സി.പി.എം വിശദീകരണം തേടും


ഇടുക്കി: ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രൻ സബ്കളക്ടർ‍ രേണു രാജിനോട് അപമര്യാദയായി സംസാരിച്ച സംഭവത്തിൽ വിശദീകരണം  തേടുമെന്ന് സി.പി.എം. തെറ്റായ പെരുമാറ്റം പാർട്ടിക്ക് അംഗീകരിക്കാനാകില്ലെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ പറഞ്ഞു. സബ് കളക്ടറോട് പെരുമാറിയത് ശരിയായ രീതിയിലാണോ എന്ന് പാർട്ടി അന്വേഷിക്കും. ഇക്കാര്യത്തിൽ എം.എൽ.എയോട് നേരിട്ട് വിശദീകരണം ചോദിക്കുമെന്നാണ് സി.പി.എം പറയുന്നത്.

 റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലാതെ പഞ്ചായത്ത് പണിയുന്ന കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയ സംഭവത്തിലാണ് സബ് കലക്ടറെ അധിക്ഷേപിച്ച് എസ്. രാജേന്ദ്രൻ എം.എൽ.എ രംഗത്തെത്തിയത്. “ ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിട്ടും. അവൾ വന്നവൾക്ക് ബുദ്ധിയില്ലെന്ന് പറഞ്ഞ്, ഒരു ഐ.എ.എസ് കിട്ടിയെന്ന് പറഞ്ഞ്, അവൾ ഇതെല്ലാം വായിച്ച് പഠിക്കണ്ടേ “എസ് രാജേന്ദ്രൻ എം.എൽ.എ, കെട്ടിടം പണി തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരോട് ചോദിച്ചു.  

പഞ്ചായത്തിന്‍റെ നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയ സബ് കളക്ടറെ പൊതുജനമധ്യത്തിൽ വെച്ചാണ് എം.എൽ.എ അപമാനിച്ചത്. പഴയ മൂന്നാറിൽ മുതിരപ്പുഴയാറിന് സമീപത്ത് നിർമ്മിക്കുന്ന കെട്ടിടത്തിനാണ് എൻ.ഒ.സി ഇല്ലെന്ന കാരണത്താൽ റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നൽകിയത്.  

You might also like

Most Viewed