രേണു രാജിനു പൂർണ പിന്തുണയുമായി റവന്യൂ മന്ത്രി


മൂന്നാർ: കൈയ്യേറ്റമൊഴിപ്പിക്കൽ സംഭവത്തിൽ ദേവികുളം സബ് കളക്ടർ രേണു രാജിനു വീണ്ടും പൂർണ പിന്തുണയുമായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. രേണു രാജിന്റെ നടപടി നൂറു ശതമാനം ശരിയാണെന്നും മൂന്നാറിലുണ്ടായത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണെന്നും മന്ത്രി പറഞ്ഞു.

റവന്യൂ വകുപ്പിനു കീഴിൽ ഉദ്യോഗസ്ഥർക്ക് നിർഭയമായി പ്രവർത്തിക്കാൻ എല്ലാ സാഹചര്യവും ഒരുക്കും. അനധികൃത നിർമ്മാണം പഞ്ചായത്ത് നടത്തിയാലും നിയമവിരുദ്ധമാണ്. ദേവികുളം സബ് കളക്ടർ‍ രേണു രാജിന്റെ നടപടി നൂറു ശതമാനം ശരിയാണ്. മൂന്നാറിൽ എം.എൽ.എ സബ് കളക്ടറെ അധിക്ഷേപിച്ചത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്” മന്ത്രി പറഞ്ഞു.

എ.എസ് രാജേന്ദ്രനും ദേവികുളം സബ് കലക്ടർ രേണു രാജും തമ്മിലുള്ള പ്രശ്നം വിശദമായി പരിശോധിക്കുമെന്ന് നേരത്തെ റവന്യൂ മന്ത്രി വ്യക്തമാക്കിയിരുന്നു. റവന്യൂ ഉദ്യോഗസ്ഥർ എല്ലാ കാലത്തും മൂന്നാറിൽ ഉണ്ടായിട്ടുണ്ട്. നാളെയും ഉണ്ടാവും. ഉദ്യോഗസ്ഥരില്ലാതെ മുന്നോട്ടു പോകാൻ സാധിക്കില്ലെന്നും ഇ. ചന്ദ്രശേഖരൻ പറഞ്ഞു.

അനധികൃത നിർമ്മാണത്തിന് കൂട്ടുനിൽക്കുന്ന എം.എൽ.എയെ അംഗീകരിക്കാൻ സാധിക്കില്ലെന്ന് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമനും വ്യക്തമാക്കിയിരുന്നു. പദവിക്ക് യോജിക്കാത്ത വാക്കുകളാണ് എം.എൽ.‍എയുടെ ഭാഗത്ത് നിന്നുണ്ടായത്. മോശമായ രീതിയിൽ സംസാരിക്കുന്ന എം.എൽ.എയെ നിയന്ത്രിക്കണം. പഞ്ചായത്ത് നിയമത്തെ വെല്ലുവിളിക്കുന്നതായിട്ടും അദ്ദേഹം കൂട്ടിച്ചേർത്തു.  

You might also like

Most Viewed