ഷുക്കൂർ വധക്കേസ്: പി. ജയരാജനെതിരേ സി.ബി.ഐ കൊലക്കുറ്റം ചുമത്തി


തലശ്ശേരി: എം.എസ്.എഫ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി. 302, 120 ബി എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ജയരാജനെതിരെ ചുമത്തിയാണ് സി.ബി.ഐ തലശ്ശേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ടി.വി രാജേഷ് എം.എൽ.എയ്ക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

കേസിന്റെ ആദ്യ ഘട്ടത്തിൽ 118 വകുപ്പ് പ്രകാരം ഷുക്കൂറിനെ പാർട്ടിക്കാർ പിടികൂടിയ വിവരം അറിഞ്ഞിട്ടും കൊലപാതകം നടത്തുന്നത് തടയാൻ ശ്രമിച്ചില്ല എന്ന കുറ്റമായിരുന്നു ജയരാജനെതിരെ ചുമത്തിയിരുന്നത്. എന്നാൽ സി.ബി.ഐ നടത്തിയ തുടരന്വേഷണത്തിനൊടുവിലാണ് ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം നൽകിയത്. മാധ്യമ പ്രവർത്തകർ അടക്കമുള്ളവരിൽ നിന്നും സി.ബി.ഐ മൊഴി എടുത്തിരുന്നു. 2016 ലാണ് ഷുക്കൂർ വധക്കേസ് സി.ബി.ഐക്ക് വിട്ടത്. കൊലപാതകം നടന്ന് ഏഴ് വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

You might also like

Most Viewed