എസ്.എസ്.എൽസി പരീക്ഷയുടെ ഉത്തരക്കടലാസ് പെരുവഴിയിൽ


കോഴിക്കോട്: ഇന്നലെ നടന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകൾ വഴിയരികിൽ കണ്ടെത്തി. കായണ്ണ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് കിട്ടിയത്. മലയാളം, സംസ്കൃതം, അറബിക് പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ കെട്ടുകൾ സ്കൂളിൽ നിന്ന് ഒരു കിലോമീറ്റർ അകലെ കുറ്റിവയലിലാണ് പ്രദേശവാസിക്ക് ലഭിച്ചത്. തിരുവനന്തപുരത്തേക്ക് അയയ്ക്കാനായി സുരക്ഷയൊന്നുമില്ലാതെ ബൈക്കിൽ കൊണ്ടുപോവുകയായിരുന്ന കെട്ടുകളാണ് വീണുപോയത്.

വൈകിട്ട് ആറ്മണിയോടെയാണ് ഇവ കിട്ടിയത്. 55 വിദ്യാർത്ഥികളാണ് ഈ സ്കൂളിൽ പരീക്ഷയെഴുതുന്നത്. 3.30ന് അവസാനിച്ച പരീക്ഷയിലെ 3 വിഷയങ്ങളുടെയും ഉത്തരക്കടലാസുകൾ വെവ്വേറെ കെട്ടുകളാക്കി ഹെഡ് പോസ്റ്റ് ഓഫിസിൽ നിന്നു തിരുവനന്തപുരത്തേക്ക് അയയ്ക്കാനായി സ്കൂൾ ഓഫിസ് അസിസ്റ്റന്റ് വശം കൊടുത്തയച്ചതാണെന്ന് സ്കൂൾ അധികൃതർ പറയുന്നു. ബൈക്കിൽ പോകവെ തലകറങ്ങി വീണെന്നാണ് ഓഫിസ് അസിസ്റ്റന്റ് പറയുന്നത്. എന്നാൽ പ്ലാസ്റ്റിക് കവറിൽ കൊണ്ടുപോവുകയായിരുന്നു കെട്ടുകൾ ബൈക്കിൽ നിന്നു തെറിച്ചു പോവുകയായിരുന്നെന്നും അൽപദൂരം പോയ ശേഷമാണ് ഇയാൾ കാര്യമറിഞ്ഞതെന്നുമാണ് നാട്ടുകാർ പറയുന്നത്. തിരിച്ചുവന്നപ്പോഴേക്ക് നാട്ടുകാരിലൊരാൾ കെട്ടുകൾ  കണ്ടെത്തി സ്കൂളിൽ വിവരമറിയിച്ചിരുന്നു. തുടർന്ന് സ്കൂൾ അധികൃതരെത്തി കെട്ടുകൾ കൊണ്ടുപോയി.

കോഴിക്കോട് ഉപ വിദ്യാഭ്യാസ ഡയറക്ടർ ഇ.കെ സുരേഷ് കുമാർ സ്‌കൂളിലെത്തി പരിശോധന നടത്തി. പേരാന്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.സി.സതി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മജ എന്നിവരടക്കം നാട്ടുകാരും രക്ഷിതാക്കളും സ്‌കൂളിലെത്തി. ഓഫിസ് അസിസ്റ്റന്റ് സിബിയെ പരീക്ഷാ ജോലികളിൽ നിന്നു മാറ്റി നിർത്തിയതായി ഡി.ഡി.ഇ അറിയിച്ചു. പോലീസ് കാവലിൽ സ്‌കൂളിൽ സൂക്ഷിച്ച ഉത്തരക്കടലാസുകൾ ഇന്ന് അയയ്ക്കും.

You might also like

Most Viewed