മുസ്ലിം ലീഗ്−എസ്ഡിപിഐ കൂട്ടുകെട്ട് വർഗീയ കാർഡ് കളിയാണെന്ന് കോടിയേരി


കൊച്ചി: മുസ്ലിം ലീഗ്−എസ്ഡിപിഐ കൂട്ടുകെട്ട് അപകടകരകരമായ വർഗീയ കാർഡ് കളിയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുസ്ലിം ലീഗ്, എസ്ഡിപിഐ നേതാക്കൾ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന വാർത്തകളോടു പ്രതികരിക്കുകയായിരുന്നു കോടിയേരി. എസ്ഡിപിഐയുമായി ചർച്ച നടന്നിട്ടില്ലെന്നു ലീഗിന്‍റെ നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ പറയുന്പോൾ ചർച്ച നടന്നെന്ന് എസ്ഡിപിഐ പരസ്യമാക്കി. ചർച്ച നടത്തിയിട്ടും ഇല്ല എന്നു പറയുന്നതു വസ്തുതകൾ മറച്ചുവെയ്ക്കാനുള്ള ലീഗ് നേതൃത്വത്തിന്‍റെ ആസൂത്രിത നീക്കമാണ്. സ്ഥാനാർത്ഥികളെ നിർത്തി വോട്ട് മറിക്കുക എന്നതാണ് എസ്ഡിപിഐയും ലീഗും തമ്മിലുണ്ടാക്കിയ ധാരണ. ഈ കൂട്ടുകെട്ട് അപകടകരമാണ്. മുസ്ലിം തീവ്രവാദികളേയും ഹിന്ദുത്വ വർഗീയ ശക്തികളേയും ഏകോപിപ്പിക്കാനുള്ള തുടക്കമാണ് ഈ ചർച്ച− കോടിയേരി പറഞ്ഞു. വിശാല ഇടതുപക്ഷ വിരുദ്ധ കൂട്ടുകെട്ട് സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വിഷയത്തിൽ കോണ്‍ഗ്രസും യുഡിഎഫും നിലപാട് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. മലപ്പുറം കൊണ്ടോട്ടിയിലെ ഒരു ഹോട്ടലിൽ മുസ്ലിം ലീഗ്, എസ്ഡിപിഐ നേതാക്കൾ രഹസ്യ കൂടിക്കാഴ്ചയ്ക്ക് എത്തുന്ന ചിത്രം ചാനലുകൾ പുറത്തുവിട്ടിരുന്നു. ലീഗ് നേതാക്കളും ലോക്സഭയിലേക്കു മത്സരിക്കുന്ന പാർട്ടി സ്ഥാനാർഥികളുമായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവരാണ് ചർച്ചയ്ക്കെത്തിയത്. എസ്ഡിപിഐക്കായി നസറുദ്ദീൻ എളമരം, അബ്ദുൾ മജീദ് ഫൈസി എന്നിവർ കൂടിക്കാഴ്ചയ്ക്കെത്തി.  എന്നാൽ കൂടിക്കാഴ്ച നടന്നുവെന്ന വാർത്തകൾ ഇ.ടി. മുഹമ്മദ് ബഷീർ നിഷേധിച്ചു. ഇത്തരത്തിലുള്ള ഒരു ചർച്ച നടത്തേണ്ട കാര്യം ലീഗിനില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

You might also like

Most Viewed