പെരുമാറ്റച്ചട്ടം ലംഘനം: ഒരു കോടിയുടെ പരസ്യം നീക്കം ചെയ്യണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ


തിരുവനന്തപുരം: സംസ്ഥാന സർ‍ക്കാർ‍ കെ.എസ്.ആർ.ടി.സി ബസുകളിൽ‍ പരസ്യം നൽ‍കാൻ‍ ചിലവഴിച്ചത് ഒരുകോടിരൂപ. അയ്യായിരം ബസുകളിലാണ് കഴിഞ്ഞ മാസം 16 മുതൽ‍  പരസ്യം സ്ഥാപിച്ചു തുടങ്ങിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, ഒരു കോടി മുടക്കിയ പരസ്യം ആഴ്ചകൾ‍ക്കുള്ളിൽ‍ എടുത്തുമാറ്റേണ്ട അവസ്ഥയാണ്. പരസ്യം എടുത്തുമാറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ‍ നിർ‍ദ്ദേശിച്ചെങ്കിലും ഇതുവരെ നടപടി ആരംഭിച്ചിട്ടില്ല.

സർ‍ക്കാർ‍ ആയിരം ദിവസം പൂർ‍ത്തിയാക്കുന്നതിന്റെ ഭാഗമായി ലോക്കൽ‍ മുതൽ‍ സൂപ്പർ‍ ഫാസ്റ്റുവരെയുള്ള ബസുകളിലാണ് പരസ്യം പതിച്ചത്. ‘പറഞ്ഞതെല്ലാം ചെയ്തു നിറഞ്ഞു, ഇനി നവകേരള നിർ‍മ്മാണം’ എന്ന വാചകത്തോടൊപ്പം ഓരോ വകുപ്പും പൂർ‍ത്തിയാക്കിയ ശ്രദ്ധേയമായ പദ്ധതികളുടെ വിവരങ്ങളും ഉൾ‍പ്പെടുത്തിയിരുന്നു. ഫെബ്രുവരി 12നാണ് ബസുകളിൽ‍ പരസ്യം നൽ‍കുന്നതിനുള്ള ഉത്തരവ് പുറത്തിറങ്ങിയത്. 16ന് ഉത്തരവിന്റെ പകർ‍പ്പ് കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചു.

ലോക്കൽ‍ ബസ് ഒന്നിന് 2,000രൂപയും, ഫാസ്റ്റിനും സൂപ്പർ‍ ഫാസ്റ്റിനും 2,700 എന്ന നിരക്കിലുമാണ് പരസ്യം നൽ‍കിയത്. പോസ്റ്ററുകൾ‍ എത്തിയതോടെ ഫെബ്രുവരി 20ന് ബസ്സുകളിൽ‍ പരസ്യം സ്ഥാപിച്ചു തുടങ്ങി. എത്ര ബസ്സുകളിൽ‍ പരസ്യം ഒട്ടിച്ചെന്ന കണക്ക് മാർ‍ച്ച് രണ്ടിന് ഉച്ചയ്ക്ക് മുന്‍പായി സോൺ‍ എക്സിക്യൂട്ടിവ് ഡയറക്ടർ‍മാരുടെ ഓഫിസിൽ‍ എത്തിക്കണമെന്നും നിർ‍ദ്ദേശം നൽ‍കിയിരുന്നു. മാർ‍ച്ച് ആദ്യവാരത്തോടെ പോസ്റ്റർ‍ പതിപ്പിക്കുന്ന ജോലികൾ‍ പൂർ‍ത്തിയായി. 

മാർ‍ച്ച് പത്തിന് തിരഞ്ഞെടുപ്പ് തീയതികൾ‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽ‍ വന്നു. ബസ്സുകളിലെ പരസ്യങ്ങൾ‍ നീക്കം ചെയ്യണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ‍ ടിക്കാറാം മീണ നിർദ്ദേശം നൽ‍കി. എന്നാൽ‍ ഭൂരിഭാഗം ബസുകളിലും പരസ്യം നീക്കം ചെയ്തിട്ടില്ല. പരസ്യം നീക്കം ചെയ്തില്ലെങ്കിൽ‍ കർ‍ശന നടപടിയെടുക്കാൻ ജില്ലാ കലക്ടർ‍മാർ‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ‍ നിർദ്‍ദേശം നൽ‍കിയിട്ടുണ്ട്. കോടികൾ‍ മുടക്കിയതിനാൽ‍ പോസ്റ്ററുകൾ‍ സാവധാനം നീക്കിയാൽ‍ മതിയെന്ന നിലപാടിലാണ് യൂണിയനുകൾ‍.

You might also like

Most Viewed