ശ്രീധരൻ പിള്ളയ്ക്ക് സീറ്റില്ല; പത്തനംതിട്ടയിൽ കെ. സുരേന്ദ്രന് സാധ്യത


 

തിരുവനന്തപുരം: പത്തനംതിട്ട ലോക്സഭാ മണ്ധലത്തിൽ ബി.ജെ.പിക്കു വേണ്ടി കെ. സുരേന്ദ്രൻ മത്സരിക്കാൻ സാധ്യതയേറുന്നു. സുരേന്ദ്രനുവേണ്ടി ആർ.എസ്.എസ് ബി.ജെ.പി കേന്ദ്രനേതൃത്വത്തിൽ ഇടപെട്ടെന്നാണ് സൂചന. സംസ്ഥാന പ്രസിഡന്‍റ് പി.എസ് ശ്രീധരൻ പിള്ളക്ക് സീറ്റുണ്ടാവില്ല. ശോഭ സുരേന്ദ്രൻ ആറ്റിങ്ങലിൽ മത്സരിക്കും. ആർ.എസ്.എസിന്‍റെ നിർദ്ദേശ പ്രകാരം അമിത് ഷാ പട്ടികയിൽ ഇടപെട്ട് കെ. സുരേന്ദ്രനെ പത്തനംതിട്ട മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് വിവരം.

പത്തനംതിട്ട സീറ്റിനുവേണ്ടി പി.എസ് ശ്രീധരൻ പിള്ളയും കെ. സുരേന്ദ്രനും തമ്മിൽ വലിയ പോരാണ് നടന്നത്. ഇതിനിടെ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവും പത്തനംതിട്ട സീറ്റിനുവേണ്ടി അവകാശവാദമുന്നയിച്ചു. പത്തനംതിട്ട സീറ്റിനുവേണ്ടി തയ്യാറാക്കിയ മൂന്നുപേരുടെ ചുരുക്കപ്പട്ടികയിൽ ഒന്നാം പേരുകാരൻ ശ്രീധരൻ പിള്ളയായിരുന്നു. അവസാന പരിഗണനക്കായി ശ്രീധരൻ പിള്ളയുടെ പേര് മാത്രമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയിലേക്ക് പോയതെങ്കിലും ആർ.എസ്.എസ് ഇടപെട്ട് പി.എസ് ശ്രീധരൻ പിള്ളയെ മാറ്റി കെ. സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിക്കുകയായിരുന്നു.

പത്തനംതിട്ട സീറ്റിലേക്ക് പരിഗണിക്കുന്ന ഒന്നാം പേരുകാരൻ കെ. സുരേന്ദ്രൻ അല്ലെന്നും ഒട്ടേറെ മണ്ധലങ്ങളിലേക്കുള്ള സാധ്യതാ സ്ഥാനാർത്ഥി പട്ടികയിൽ തന്നെയാണ് ഒന്നാം പേരുകാരനായി പ്രവർത്തകർ നിർദ്ദേശിച്ചതെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് പി.എസ് ശ്രീധരൻ പിള്ള നേരത്തേ വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. പത്തനംതിട്ട സീറ്റിനുവേണ്ടി അദ്ദേഹം തുടർച്ചയായി പരിശ്രമിക്കുകയും ചെയ്തു. പത്തനംതിട്ട സീറ്റിനായുള്ള പോരിൽ തട്ടിയാണ് ബി.ജെ.പിയുടെ സ്ഥാനാർത്ഥി നിർണ്ണയം തീരുമാനമാകാതെ നീണ്ടത്. പത്തനംതിട്ട അല്ലാതെ മറ്റൊരു സീറ്റിലും മത്സരിക്കാൻ ശ്രീധരൻ പിള്ള താൽപ്പര്യപ്പെട്ടതുമില്ല. പാലക്കാട് സീറ്റിനുവേണ്ടി ശോഭാ സുരേന്ദ്രൻ തുടർച്ചയായി ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അവരെ ആറ്റിങ്ങലിൽ മത്സരിപ്പിക്കാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. 

You might also like

Most Viewed