ഷാനിമോൾ ഉസ്മാനെ കോൺഗ്രസ് തോൽപ്പിക്കും; തുഷാർ മത്സരിച്ചാൽ തോൽക്കും: വെള്ളാപ്പള്ളി


 

ആലപ്പുഴ: ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ മുൻ ഡി.സി.സി പ്രസിഡന്‍റും കോൺഗ്രസ് നേതാവുമായ എ.എ.ഷുക്കൂർ തോൽപ്പിക്കുമെന്ന ധ്വനിയിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ ഒളിയന്പ്്. ചാലക്കുടിയിൽ ഇടത് സ്ഥാനാർത്ഥി ഇന്നസെന്‍റിനൊപ്പം മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് വെള്ളാപ്പള്ളി അഭിപ്രായം പങ്കുവച്ചത്. ചാലക്കുടിയിൽ പിന്തുണ തേടിയാണ് വെള്ളാപ്പള്ളിയെ കാണാൻ ഇന്നസെന്‍റ് എത്തിയത്. സൗമ്യവും മാന്യവുമായി പെരുമാറുന്ന ദേശീയ നേതാവ് ഷാനിമോൾ ഉസ്മാന് കോൺ‍ഗ്രസിന്‍റെ ഉറച്ച ഏതെങ്കിലും സീറ്റ് നൽകേണ്ടതായിരുന്നു. വയനാട് എന്തുകൊണ്ട് അവർക്ക് നൽകിയില്ലെന്ന് വെള്ളാപ്പള്ളി ചോദിച്ചു. ആലപ്പുഴയിൽ യു.ഡി.എഫിന് ജയസാധ്യതയില്ലേ എന്ന ചോദ്യത്തിനാണ് ഒരു കാട്ടിൽ രണ്ടു സിംഹം ഉണ്ടാകുമോ എന്ന് അദ്ദേഹം മറുചോദ്യം ഉന്നയിച്ചത്. രണ്ടാമത്തെ സിംഹം ഇടത് സ്ഥാനാർത്ഥി എ.എം.ആരിഫ് ആണോ എന്ന ചോദ്യത്തിന് അല്ല എന്ന് പറഞ്ഞ ശേഷമാണ് ഷുക്കൂറിനെതിരേ ഒളിയന്പുണ്ടായത്. തുഷാർ വെള്ളാപ്പള്ളിക്ക് ജയസാധ്യതയില്ലെന്നും മത്സരിച്ചാൽ തോൽക്കുമെന്നും വെള്ളാപ്പള്ളി ആവർത്തിച്ചു. എസ്.എൻ.ഡി.പിയിലെ പദവി രാജിവയ്ക്കാതെ തുഷാറിന് മത്സരിക്കാൻ കഴിയില്ലെന്നും എൻ.ഡി.എയിൽ സ്ഥാനാർത്ഥി നിർണയം പോലും പൂർത്തിയിട്ടില്ലല്ലോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. കോൺഗ്രസ് മികച്ച സ്ഥാനാർത്ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

Most Viewed