പി.സി. ജോർജ് പത്തനംതിട്ടയിൽ മൽസരിക്കില്ല


കോട്ടയം: പത്തനംതിട്ട ഉൾപ്പെടെ ഒരു പാർലമെന്റ് സീറ്റിലും മൽസരിക്കേണ്ടെന്നു ജനപക്ഷം സംസ്ഥാന കമ്മിറ്റി തീരുമാനം. മത വിശ്വാസങ്ങളെയും ആചാര അനുഷ്ഠാനങ്ങളെയും അധിക്ഷേപിക്കാനും അവഹേളിക്കാനും ശ്രമിക്കുന്ന ശക്തികളുടെ പരാജയം ഉറപ്പാക്കാൻ ജനപക്ഷം പ്രവർത്തകർ രംഗത്തിറങ്ങാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. പാർട്ടി ചെയർമാൻ പി.സി. ജോർജ് ലോക്സഭയിലേക്കു പത്തനംതിട്ടയിൽനിന്നു മൽസരിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇതു കൂടാതെ മറ്റു 19 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തുമെന്നും പ്രഖ്യാപനമുണ്ടായ ശേഷമാണു പിൻമാറ്റം. പി.സി. ജോർജിന്റെ സ്ഥാനാർഥിത്വം പത്തനംതിട്ടയിൽ ഇടതു സ്ഥാനാർഥിയുടെ വിജയത്തിനു കൂടുതൽ അനുകൂല സാഹചര്യമൊരുക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണു പിൻമാറ്റമെന്നു പാർട്ടി സംസ്ഥാന നേതൃത്വം പ്രതികരിച്ചു.

മൽസരത്തിൽനിന്നു പിൻമാറണമെന്നാവശ്യപ്പെട്ടു വിവിധ കോണുകളിൽനിന്ന് അഭ്യർഥനകളുണ്ടായെന്നും യുഡിഎഫിലേക്കു പ്രവേശനം സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും പാർട്ടി നേതൃത്വം അറിയിച്ചു. പത്തനംതിട്ടയിൽ 1.75 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്നു പി.സി. ജോർജ് മുൻപ് അവകാശപ്പെട്ടിരുന്നു.

You might also like

Most Viewed