സൗദിയിൽ മരണപ്പെട്ട യുവാവിന്‍റെ മൃതദേഹത്തിന് പകരം നാട്ടിൽ എത്തിച്ചത് യുവതിയുടെ മൃതദേഹം


പത്തനംതിട്ട: സൗദി അറേബ്യയിൽ വെച്ച് മരണപ്പെട്ട യുവാവിന്‍റെ മൃതശരീരത്തിന് പകരം നാട്ടിലെത്തിച്ചത് വിദേശ വനിതയുടെ മൃതദേഹം. സൗദിയിൽ വച്ചു മരിച്ച കോന്നി കുമ്മണ്ണൂർ സ്വദേശി ഈട്ടിമൂട്ടിൽ റഫീഖിന്‍റെ മൃതദേഹത്തിന് പകരമാണ് ശ്രീലങ്കൻ യുവതിയുടെ മൃതദേഹം അയച്ചത്. 

സൗദി അറേബ്യയിലെ അബേയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന റഫീഖ് കഴിഞ്ഞ മാസം 27−നാണ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. സങ്കീർണമായ നടപടികൾ പൂർത്തിയാക്കി ഇന്നലെ വൈകുന്നേരത്തോടെ സൗദി എയർലൈൻസ് വിമാനത്തിൽ വന്ന റഫീഖിന്‍റെ മൃതദേഹം നെടുന്പാശേരി വിമാനത്താവളത്തിൽ ബന്ധുകൾ ഏറ്റുവാങ്ങുകയും രാത്രിയോടെ കോന്നിയിലെ വീട്ടിലെത്തിക്കുകയും ചെയ്തു. 

സംസ്കാര ചടങ്ങുകൾക്കായി ശവപ്പെട്ടി ഇന്ന് രാവിലെ തുറന്നു നോക്കിയപ്പോൾ ആണ് മൃതദേഹം മാറിയ വിവരം ബന്ധുകൾക്ക് മനസിലാവുന്നത്. ഇതോടെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസിന്റെ നേതൃത്വത്തിൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ എത്തിച്ചു.  

ഈ മൃതശരീരം തിരിച്ച് സൗദിയിലേക്ക് കൊണ്ടു പോയി റഫീഖിന്‍റെ മൃതദേഹം തിരികെ എത്തിക്കണമെങ്കിൽ ഇനി സർക്കാർ ഇടപെടലുണ്ടാവാണം എന്നാണ് റഫീഖിന്‍റെ  കുടുംബവും പൊലീസും പറയുന്നത്. ആശുപത്രിയിൽ വച്ച് മൃതദേഹം എംബാം ചെയ്യുന്നതിനിടെ മാറിപോയതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

You might also like

Most Viewed