ഇ.കെ നായനാർക്കെതിരെ വിവാദ പ്രസ്താവനയുമായി വി.ടി ബൽറാം


തിരുവനന്തപുരം: സിപിഎമ്മിന്‍റെ വലിയ ജനകീയ നേതാവായ ഇ.കെ നായനാർക്കെതിരെ വിവാദ പ്രസ്താവനയുമായി  വി.ടി ബൽറാം എംഎൽഎ.  നായനാരുടെ കാലത്ത് ഇന്നത്തെപ്പോലെ സമൂഹമാധ്യമങ്ങളും ചാനലുകളും ഇല്ലാതിരുന്നത് കൊണ്ടാണ് അദ്ദേഹം ഇന്നും മാന്യനായിരിക്കുന്നതെന്ന്  ബൽറാം പറഞ്ഞു. മാന്യനായും ജനകീയനായും സരസനായും തറവാട്ടുകാരണവരായുമൊക്കെ ഇ.കെ നായനാർ നിലനിൽക്കുന്നത് അദ്ദേഹം ഓഡിറ്റ് ചെയ്യപ്പെടാത്തതുകൊണ്ടാണ്. നായനാരുടെ പഴയ പ്രസ്താവനകൾ ഓരോന്നായി എടുത്ത് പരിശോധിച്ചാൽ അതിൽ വലിയ സ്ത്രീവിരുദ്ധത കണ്ടെത്താനാകുമെന്നും വി ടി ബൽറാം പറഞ്ഞു.

ആലത്തൂർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് എതിരായി എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തെക്കുറിച്ചുള്ള ചർച്ചയിലാണ് വി ടി ബൽറാം ഇ കെ നായനാരെ പരാമർശിച്ചത്. പാണക്കാട്ടെ തങ്ങളെ കണ്ടതിന് ശേഷം രമ്യ ഹരിദാസ് പോയത് കുഞ്ഞാലിക്കുട്ടിയെ കാണാനാണെന്നും അതൊടെ ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് തനിക്ക് പറയാനാവില്ല എന്നുമായിരുന്നു പൊന്നാനിയിലെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ എ വിജയരാഘവൻ പറഞ്ഞത്. എൽഡിഎഫിന് ചേരുന്ന കൺവീനറാണ് വിജയരാഘവനെന്നും നായനാർ പോലും സ്ത്രീവിരുദ്ധനാണെന്ന് പരിശോധിച്ചാൽ മനസ്സിലാകും എന്നുമായിരുന്നു വി.ടി ബൽറാമിന്‍റെ പരാമർശം. പ്രമുഖ ചാനൽ പരിപാടിയിലാണ് വി.ടി ബൽറാം ഈ പരാമർശം നടത്തിയത്. 

നേരത്തെ എ.കെ.ജി 'ബാലപീഡകൻ' ആണെന്ന തരത്തിൽ വി ടി ബൽറാം ഫേസ്ബുക്കിൽ നടത്തിയ പരാമർശം വിവാദമായിരുന്നു. 1947ൽ കോയമ്പത്തൂരിൽ ജയിലിൽ കഴിയുന്ന കാലത്ത് തന്നെ സന്ദർശിച്ച സുശീലയെപ്പറ്റി എ.കെ.ജി ആത്മകഥയിൽ എഴുതിയ ഭാഗം ഉദ്ധരിച്ചതായിരുന്നു അന്ന് വിവാദമായത്. 

You might also like

Most Viewed