ഒളിക്യാമറാ വിവാദം: എം.കെ രാഘവനെതിരെ കേസെടുത്തു


കോഴിക്കോട്: ഒളി ക്യാമറാ വിവാദത്തിൽ കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ രാഘവനെതിരെ കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദ്ദേശ പ്രകാരം നടക്കാവ് പൊലീസാണ് കേസെടുത്തത്. എം.കെ രാഘവന്റെ പരാതിയിലും പരാതിയിൽ അന്വേഷണം നടന്നു. എന്നാൽ ഗൂഢാലോചന കണ്ടെത്താനായില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത് വീഡിയോ കൃത്രിമമല്ലെന്നാണ് കണ്ടെത്തൽ‍. രാഘവന്റെ മൊഴിയും വീഡിയോയും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നാണ് വിലയിരുത്തൽ. ജനപ്രാതിനിധ്യ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഒരു സ്വകാര്യ ഹിന്ദി ചാനൽ നടത്തിയ ഒളി ക്യാമറ ഓപ്പറേഷനിലാണ് എം കെ രാഘവൻ കുടുങ്ങിയത്. 

തെരഞ്ഞെടുപ്പ് ചെലവിനായി അഞ്ച് കോടി രൂപ ആവശ്യപ്പെടുന്നതും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മദ്യം ഒഴുക്കിയതായി രഘവൻ വെളിപ്പെടുത്തുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. രാഘവന്‍റെ നടപടി പെരുമാറ്റ ചട്ട ലംഘനമാണെന്നും കോഴ ആവശ്യപ്പെട്ടതിൽ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് ഇടത് മുന്നണി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.  ഈ പരാതികളിലാണ് അന്വേഷണം നടത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഡിജിപിയ്ക്ക് നിർദ്ദേശം നൽകി. ഈ  നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് മേധാവി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് ഇ മെയിൽ വഴി നിയമോപദേശം തേടിയത്.

കേസന്വേഷണത്തിന്‍റെ ആദ്യ ഘട്ടത്തിൽ രാഘവന്‍റെ മൊഴിയും, ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയ ചാനൽ പ്രതിനിധികളുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ചാനൽ പുറത്തു വിട്ട ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ആരോപണം കെട്ടിച്ചമച്ചതെന്ന നിലപാട് മൊഴിയിൽ രാഘവൻ ആവർത്തിച്ചപ്പോൾ വാർ‍ത്തയിൽ വാസ്തവ വിരുദ്ധമായ ഒന്നുമില്ലെന്നാണ് ചാനൽ മേധാവിയുടെയും റിപ്പോർ‍ട്ടർമാരുടെയും മൊഴി. 

You might also like

Most Viewed