പോസ്റ്റൽ ബാലറ്റ് ക്രമക്കേട്: ക്രൈം ബ്രാഞ്ച് ഇടക്കാല റിപ്പോർട്ട് കൈമാറി


തിരുവനന്തപുരം: സംസ്ഥാന പോലീസിലെ വിവാദമായ പോസ്റ്റൽ വോട്ട് തിരിമറിയിൽ ക്രൈം ബ്രാഞ്ച് ഡിജിപിക്ക് ഇടക്കാല റിപ്പോർട്ട് നൽകി. അന്വേഷണത്തിന് കൂടുതൽ സമയം തേടിയാണ് ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോർട്ട് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു കൈമാറിയത്. വടക്കൻ സംസ്ഥാനങ്ങളിലുള്ള പോലീസുകാരുടെ മൊഴിയെടുക്കാൻ കഴിഞ്ഞില്ലെന്നും ശബ്ദ പരിശോധന ഉൾപ്പെടെ നടത്തേണ്ടതുണ്ടെന്നും ഇടക്കാല റിപ്പോർട്ടിൽ പറയുന്നു.

കേരളത്തിന് പുറത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ മൊഴി രേഖപ്പെടുത്താനുണ്ടെന്നും ഇത് സംബന്ധിച്ച അന്വേഷണം പൂർ‍ത്തിയാക്കാന്‍ കൂടുതൽ‍ സമയം ആവശ്യമാണെന്നും ക്രൈംബാഞ്ച് അറിയിച്ചു. 

സഹപ്രവർത്തകരോട് പോസ്റ്റൽ ബാലറ്റ് ആവശ്യപ്പെട്ട കമാന്‍റോയ്ക്കെതിരെ അന്വേഷണം തുടരുകയാണ്. ശബ്ദസന്ദേശം ഇയാളുടേത് തന്നെയാണോ എന്നുറപ്പാക്കാൻ ശാസ്ത്രീയ ശബ്ദപരിശോധന നടത്തേണ്ടതുണ്ട്. വോട്ടെണ്ണൽ നടക്കുന്ന ഈ മാസം 23 ന് ശേഷം മാത്രമേ എത്ര പേർ പോസ്റ്റൽ വോട്ടുകൾ രേഖപ്പെടുത്തിയെന്ന് വ്യക്തമാകൂവെന്ന് ഇടക്കാല റിപ്പോർട്ടിൽ പറയുന്നു. മുഖ്യ നോഡൽ ഓഫീസർ എഡിജിപി ആനന്ദകൃഷ്ണനാണ് റിപ്പോർട്ട് കൈമാറുക. പോലീസ് ആസ്ഥാനത്തു നിന്നും റിപ്പോർട്ട് ചീഫ് ഇലക്ട്രൽ ഓഫീസർക്ക് കൈമാറും. 

പോലീസ്  ബാലറ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അസോസിഷേനെതിരെയുള്ള പരാതിയിൽ അന്വഷണം നടക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥർ‍ക്ക് പോസ്റ്റൽ‍ ബാലറ്റ് കിട്ടിയില്ലെന്ന‌ ആരോപണം വീണ്ടും. ബേക്കൽ‍ പോലീസ് സ്റ്റേഷനിലെ 33 പോലീസ് ഉദ്യോഗസ്ഥർ‍ക്ക് പോസ്റ്റൽ‍ ബാലറ്റ് ലഭിച്ചില്ലെന്ന പരാതി വിശദമായി അന്വേഷിക്കുമെന്ന് സംസ്ഥാന  പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു. പോസ്റ്റൽ‍ ബാലറ്റ് വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക സംഘത്തിനാണ്  അന്വേഷണച്ചുമതല. കുറ്റക്കാരെന്നു കണ്ടെത്തുന്നവർ‍ക്കെതിരെ കർ‍ശന നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പോലീസ് മേധാവി.  

പോലീസ് ബാലറ്റ് വിവാദവുമായി ബന്ധപ്പെട്ട് ഇന്‍റലിജൻസ് വിഭാഗം തയാറാക്കിയ റിപ്പോർട്ട് ശുപാർശ സഹിതം സംസ്ഥാന പോലീസ് മേധാവി നേരത്തെ ചീഫ്  ഇലക്റ്ററൽ ഓഫിസർ ടിക്കാറാം മീണയ്ക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് അദ്ദേഹം അംഗീകരിച്ച പശ്ചാത്തലത്തിലാണ് ബാലറ്റുമായി  ബന്ധപ്പെട്ട് കേസുകൾ ക്രൈം ബ്രാഞ്ചിന് കൈമാറാൻ തീരുമാനമായത്. പോലീസ് അസോസിയേഷനുമായി ബന്ധപ്പെട്ടവിവാദത്തിൽ  ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രം  സുരക്ഷാ ഉദ്യോഗസ്ഥൻ വൈശാഖന്‍ എന്ന പോലീസുകാരനെതിരേ നടപടിയും സ്വീകരിച്ചി‌രുന്നു. തെരഞ്ഞെടുപ്പ്  ജോലിക്കു പോകുന്ന പോലീസുകാരുടെ പോസ്റ്റൽ ബാലറ്റുകൾ‍ പോലീസിലെ ഇടത് അനുകൂലികൾ കൂട്ടത്തോടെ വാങ്ങി കളളവോട്ട്  ചെയ്യുന്നുവെന്നായിരുന്നു ആദ്യ പരാതി.

You might also like

Most Viewed