സ്ത്രീയും മകളും ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ വഴിത്തിരിവ്.: ഭർ‍ത്താവും അമ്മയും കസ്റ്റഡിയിൽ


തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്ത്രീയും മകളും ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ വഴിത്തിരിവ്. ആത്മഹത്യയ്ക്കു പിന്നിൽ കുടുംബ പ്രശ്നങ്ങളാണെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ മരിച്ച ലേഖയുടെ ഭർത്താവിനെയും അമ്മയെയും സഹോദരിമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ജപ്തിയുമായി ബന്ധപ്പെട്ട് ബാങ്കിൻറെ ഭാഗത്തു നിന്നുള്ള സമ്മർദ്ദമാണ് ലേഖയുടെയും മകൾ വൈഷ്ണവിയുടെയും ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്ന് ആരോപണം ഉയരുന്നതിനിടെയാണ് സംഭവത്തിൽ വഴിത്തിരിവുണ്ടാക്കി ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരിക്കുന്നത്. ആത്മഹത്യ ചെയ്ത മുറിയുടെ ചുവരിൽ ഒട്ടിച്ച നിലയിലായിരുന്നു കുറിപ്പ്. വസ്തു തർക്കവും കുടുംബ പ്രശ്നങ്ങളുമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് കത്തിലെ സൂചന. ചന്ദ്രന്റെ അമ്മയായ കൃഷ്ണമ്മ, ഭർത്താവ് കാശി, ശാന്ത എന്നിവർക്കെതിരെയാണ് കുറിപ്പ്. സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചതായി കത്തിൽ പറയുന്നു. തന്നെയും മകളെയും കൊല്ലുമെന്ന് കൃഷ്ണമ്മ ഭീഷണിപ്പെടുത്തിയതായും കടം തീർക്കാൻ വീട് വിൽക്കാൻ അനുവദിക്കുന്നില്ലെന്നും കത്തിൽ പറയുന്നു. മന്ത്രവാദം അടക്കമുള്ള കാര്യങ്ങൾ നടത്തിയതായും തങ്ങളെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും കത്തിൽ ആരോപിക്കുന്നു.

അതേ സമയം ബാങ്ക് അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കനറാ ബാങ്ക് തിരുവനന്തപുരം റീജിയണൽ ഓഫീസിനു നേർക്ക് കെ.എസ്.യു−യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. പ്രവർത്തകർ ബാങ്ക് ഓഫീസ് തല്ലിത്തകർക്കുകയും ചെയ്തിരുന്നു.

You might also like

Most Viewed