വില്ലേജ് ഓഫീസിൽ നിന്നുള്ള സ്റ്റോപ്പ് മെമ്മോ അവഗണിച്ച് തൃപ്പൂണിത്തുറയിൽ നിലം നികത്തൽ


തൃപ്പൂണിത്തുറ: വില്ലേജ് അധികൃതരുടെ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് തൃപ്പൂണിത്തുറ നടമ തെക്കും ഭാഗം വില്ലേജിലെ രണ്ടരയേക്കറോളം വരുന്ന നിലം നിയമം ലംഘിച്ച് നികത്തിയതായി റിപ്പോർട്ട്. പൊക്കാളി കൃഷി നടത്തിയിരുന്നതും കൃഷി നിലച്ചപ്പോൾ കണ്ടൽ കാടുകൾ നിറഞ്ഞു നിന്നിരുന്നതുമായ പാടശേഖരമാണ് മണ്ണിട്ട് നികത്തിയത്.

കൊല്ലം കരുനാഗപ്പള്ളി സ്വദേശിയുടെ പേരിലുള്ള ഈ നിലം കഴിഞ്ഞ ജൂണിലാണ് മണ്ണിട്ടു നികത്താൻ തുടങ്ങിയത്. സ്ഥലത്തു നിന്നിരുന്ന കണ്ടൽക്കാടുകൾ വെട്ടിമാറ്റിയ ശേഷമാണ് ഭൂമി തരം മാറ്റിയത്. സംഭവം സംബന്ധിച്ച് പരാതി ഉയർന്നതിനെ തുടർന്ന് വില്ലേജ് അധികൃതർ കഴിഞ്ഞ ജൂണിൽ നിലം നികത്തുന്നതിനെതിരെ സ്റ്റോപ്പ് മെമ്മോ നൽകി. തുടർ നടപടിക്കായി ഫോർട്ടുകൊച്ചി ആഡിഒയ്ക്ക് റിപ്പോർട്ടും നൽകി. എന്നാൽ നിലം പൂർവ്വ സ്ഥിതിയിലാക്കാൻ നടപടി ഒന്നുമുണ്ടായില്ല.

ഇതുമൂലം പ്രളയകാലത്ത് നികത്തിയ നിലത്തിന് സമീപത്തെ വീടുകളിൽ വെള്ളം കയറാനും നാശനഷ്ടങ്ങൾ വലുതാകാനും കാരണമായി. ഇപ്പോൾ ഈ സ്ഥലം പ്ലോട്ടുകളായി തിരിച്ച് വിൽക്കുന്നതിന് അളന്ന് കല്ലിട്ടു കൊണ്ടിരിക്കയാണ്. ഒപ്പം ഡേറ്റാ ബാങ്കിൽ പുരയിടം എന്നു രേഖപ്പെടുത്തി തരംമാറ്റാനും നീക്കം നടക്കുന്നതായാണ് റിപ്പോർട്ട്. നിലം നികത്തലിനെതിരെ നേരത്തെ കണ്ടൽ നട്ട് ഒരു വിഭാഗം പ്രതിഷേധം സംഘടിപ്പിച്ചിരുന്നുവെങ്കിലും ഇപ്പോൾ ഇതിനെതിരെ മൗനം പാലിക്കുകയാണെന്ന ആക്ഷേപവും ഉയരുകയാണ്.

You might also like

Most Viewed