കോട്ടയത്ത് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം തമിഴ്നാട് സ്വദേശി അറസ്റ്റിൽ


കോട്ടയം: കോട്ടയത്ത് റെയില്‍ പാളത്തില്‍ കല്ലു നിരത്തി ട്രെയിന്‍ അപകടപ്പെടുത്താന്‍ നീക്കം. സംഭവത്തിൽ തമിഴ്‌നാട് പുതുക്കോട്ട സ്വദേശി നാഗരാജ് അറസ്റ്റില്‍. കോട്ടയം വഴി കടന്നു പോയ ഗരീബ് രഥ് എക്‌സ്പ്രസ് തിങ്കളാഴ്ച്ച വൈകീട്ട് സംക്രാന്തി കൊച്ചടിച്ചിറയ്ക് സമീപം പാളത്തില്‍ നിരത്തിയ കല്ലില്‍ തട്ടി ഉലഞ്ഞിരുന്നു. ലോക്കോ പൈലറ്റ് ഏറ്റുമാനൂര്‍ സ്റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിച്ചു.

ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ട്രെയിന്‍ അട്ടിമറി ശ്രമം ബോധ്യമായത്. പാളത്തില്‍ ചെരുപ്പ് കയറ്റി വച്ച ശേഷം അതിന് മുകളിലാണ് കല്ലുകള്‍ നിരത്തി വച്ചത്. ഇത് കരുതി കൂട്ടിയുള്ള ശ്രമമാണെന്ന് സംശയിക്കുന്നതായി ആര്‍പിഎഫ് അസി: സബ്ബ് ഇന്‍സ്പകടര്‍ അജയഘോഷ് പറഞ്ഞു. സംഭവസ്ഥലത്തെത്തി കല്ലുകള്‍ നീക്കം ചെയ്ത റെയില്‍വെ പോലീസ് തുടര്‍ന്നുള്ള അന്വേഷണത്തിലാണ് നാഗരാജിനെ അറസ്റ്റ് ചെയ്തത്.

സംക്രാന്തിയിലെ ഹോളോബ്രിക്‌സ് സ്ഥാപനത്തിലെ തൊഴിലാളിയാണ് ഇയാള്‍. ട്രെയിന്‍ യാത്രക്കാരുടെ ജീവന്‍ അപകടപ്പെടുത്താനും റെയില്‍പാളത്തില്‍ അതിക്രമിച്ച് കയറിയതിനും റെയില്‍വെ ആക്ട് 153, 147 പ്രകാരമാണ് കേസെടുത്തത്. കുറ്റം തെളിഞ്ഞാല്‍ ഈ വകുപ്പുകള്‍ അനുസരിച്ച് ആറ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.

You might also like

Most Viewed