കേരളത്തിലെ 13 എൻ.ഡി.എ സ്ഥാനാർത്ഥികൾക്ക് കെട്ടിവച്ച കാശ് പോയി


തിരുവനന്തപുരം: വൻ പ്രതീക്ഷയോടെ ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് കേരളത്തിൽ നേരിടേണ്ടി വന്നത് കനത്ത തിരിച്ചടി. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിനും തുഷാർ വെള്ളാപ്പള്ളിക്കുമടക്കം 13 എൻ.ഡി.എ സ്ഥാനാർത്ഥികൾക്ക് കെട്ടിവെച്ച തുക പോലും നഷ്ടമായി. രണ്ടു സീറ്റിൽ ജയവും 20 % വോട്ടും 10 നിയമസഭാ മണ്ധലങ്ങളിൽ ലീഡും പ്രതീക്ഷിച്ചായിരുന്നു ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ശബരിമല അടക്കം അനുകൂല സാഹചര്യങ്ങൾ വോട്ടാക്കിമാറ്റി അക്കൗണ്ട് തുറക്കുമെന്നു കരുതിയെങ്കിലും ഒരു സീറ്റു പോലും നേടാനാവാത്തത്ര പരിതാപകരമായിരുന്നു ബി.ജെ.പിയുടെ അവസ്ഥ.

കണ്ണൂരിൽ സി.കെ പത്മനാഭനാണ് എൻ.ഡി.എ സ്ഥാനാർത്ഥികളിൽ ഏറ്റവും പിന്നിൽ. ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായ സി.കെ.പദ്മനാഭൻ നേടിയത് 68509 വോട്ടാണ്. തൊട്ടുപിന്നിൽ വയനാട്ടിലെ എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയാണ് ഇദ്ദേഹത്തിന് കിട്ടിയത് 78816 വോട്ടാണ്.

പോൾ ചെയ്ത വോട്ടിൽ സാധുവായ വോട്ടിന്റെ ആറിൽ ഒന്ന് നേടിയാൽ മാത്രമാണ് പത്രിക സമർപ്പിക്കുന്ന സയമത്ത് കെട്ടിവച്ച തുക തിരിച്ചു ലഭിക്കുകയുള്ളൂ. കുമ്മനം രാജശേഖരൻ, (തിരുവനന്തപുരം), സുരേഷ് ഗോപി (തൃശൂർ‍),കെ.സുരേന്ദ്രൻ (പത്തനംതിട്ട), ശോഭാ സുരേന്ദ്രൻ (ആറ്റിങ്ങൽ),  സി.കൃഷ്ണകുമാർ (പാലക്കാട്), പി.സി.തോമസ് (കോട്ടയം), കെ.എസ്.രാധാകൃഷ്ണൻ (ആലപ്പുഴ)  എന്നിവർക്കു മാത്രമാണ് കെട്ടിവെച്ച തുക ലഭിച്ചത്.

You might also like

Most Viewed