പുൽപ്പള്ളിയിൽ യുവാവ് വെടിയേറ്റ് മരിച്ചു


പുൽ‍പ്പള്ളി: വയനാട്ടിലെ പുൽ‍പ്പള്ളിയിൽ‍ അയൽ‍വാസികൾ‍ തമ്മിലുള്ള വാക്കുതർ‍ക്കത്തിനിടെയുണ്ടായ വെടിവെപ്പിൽ‍ ഒരാൾ‍ മരിച്ചു. പുൽ‍പ്പള്ളി കാപ്പിസൈറ്റ് കാട്ടുമാക്കേൽ‍ നിഥിൻ‍ പത്മനാണ് മരിച്ചത്. നിഥിന്‍റെ പിതൃസഹോദരൻ‍ കിഷോറിനും വെടിയേറ്റിട്ടുണ്ട്. ഗുരുതര പരിക്കോടെ ഇയാളെ കോഴിക്കോട് മെഡി.കോളേജ് ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കിഷോറിന് വയറിനാണ് വെടിയേറ്റത്ത്. ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. 

ഇവരെ വെടിവച്ച ചാർ‍ളി എന്നയാൾ‍ സംഭവശേഷം കർ‍ണാടക വനത്തിലേക്ക് രക്ഷപ്പെട്ടു. ഇയാൾ‍ക്ക് വേണ്ടി നാട്ടുകാരും പോലീസും കാട്ടിൽ‍ തിരച്ചിൽ‍ തുടരുകയാണ്. പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരനാണ് ചാർ‍ളിയെന്നും നിരവധി കേസുകളിൽ‍ പ്രതിയായ ഇയാൾ‍ക്ക് കാട്ടിനകത്ത് സഞ്ചരിച്ച് നല്ല പരിചയമുണ്ടെന്നും നാട്ടുകാർ‍ പറയുന്നു. ഇന്നലെ രാത്രിയാണ് ചാർ‍ളി അയൽ‍വീട്ടുകാരുമായി വാക്കേറ്റമുണ്ടാക്കിയത്. 

പിന്നീട് നാട്ടുകാർ‍ ഇടപെട്ട് ഇരുകൂട്ടരേയും പിരിച്ചുവിട്ടു. തുടർ‍ന്ന് വീട്ടിലേക്ക് പോയ ചാർ‍ളി തോക്കുമായി തിരിച്ചു വന്നു വെടിവെയ്ക്കുകയായിരുന്നുവെന്നാണ് വിവരം. നെഞ്ചിൽ‍ വെടിയേറ്റ നിതിന്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. ആതിരയാണ് മരിച്ച നിതിന്‍റെ ഭാര്യ. മൂന്ന് വയസ്സുള്ള മകളുണ്ട്. 

You might also like

Most Viewed