ശബരിമല; സർ‍ക്കാർ‍ സ്വീകരിച്ച നടപടിയെ ന്യായീകരിച്ച് കോടിയേരി


തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ സർ‍ക്കാർ‍ സ്വീകരിച്ച നടപടിയെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. ശബരിമല വിധി ഇപ്പോഴും നിലനിൽക്കുന്നു. വിശ്വാസികൾ പൂർണ്ണമായും ഇടതുപക്ഷത്തിന് എതിരല്ലെന്നും സർക്കാർ സ്വീകരിച്ച നിലപാടിൽ തെറ്റില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. ലോക്സഭാ തരഞ്ഞെടുപ്പിൽ വൻ പരാജയം ഏറ്റുവാങ്ങിയതിന് കാരണം സർ‍ക്കാരിന്‍റെയും മുഖ്യമന്ത്രി പിണറായി വിജയന്‍റെയും നിലപാടുകളാണെന്ന കടുത്ത വിമർ‍ശനം ഉയർ‍ന്ന സാഹചര്യത്തിൽ കൂടിയാണ് കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണം. 

ശബരിമലയിലെ സ്ത്രീ പ്രവേശന വിധി വരുന്പോൾ സ്ത്രീ പുരുഷ സമത്വം അംഗീകരിക്കുന്ന പുരോഗമന പ്രസ്ഥാനങ്ങൾക്ക് മറിച്ചൊരു നിലപാട് സ്വീകരിക്കാനാകില്ലെന്നും ശബരിമല സുവർണ്ണാവസരമാക്കാനുള്ള ആർ.എസ്.എസ് നീക്കത്തെ ഫലപ്രദമായി തടയാൻ പിണറായി സർക്കാരിനായെന്നും കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു. ഇടതുപക്ഷ പ്രസ്ഥാനത്തെ കേരളത്തിൽ ആർക്കും എഴുതി തള്ളനാകില്ല. പരന്പരാഗത വോട്ടുകൾ കൈവിട്ടു പോയെങ്കിൽ അതിന് കാരണം കുപ്രചരണങ്ങളിൽ ചിലർ കുടുങ്ങിപ്പോയത് കൊണ്ടാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ക്ഷമാപൂർവ്വം അവരെ സമീപിച്ച് പിന്തുണ തിരികെ പിടിക്കാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

Most Viewed