ലളിതകലാ അക്കാദമി പ്രഖ്യാപിച്ച കാര്‍ട്ടൂണ്‍ അവാര്‍ഡ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം


കൊച്ചി: ലളിതകലാ അക്കാദമി പ്രഖ്യാപിച്ച കാര്‍ട്ടൂണ്‍ അവാര്‍ഡ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. കാര്‍ട്ടൂണിനെതിരെ കെ.സി.ബി.സി പരാതി നല്‍കിയ സാഹചര്യത്തിലാണ് നടപടി. വിവാദമായ പശ്ചാത്തലത്തില്‍ അവാര്‍ഡ് പുനഃപരിശോധിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാന്‍ ലളിതകലാ അക്കാദമി തീരുമാനിച്ചു.


കഴിഞ്ഞ ദിവസമായിരുന്നു കേരള ലളിതകലാ അക്കാദമി കാര്‍ട്ടൂണ്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്. പീഡനകേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ വിശ്വാസം രക്ഷതി എന്ന കാര്‍ട്ടൂണിനായിരുന്നു അവാര്‍ഡ്. എന്നാല്‍, കാര്‍ട്ടൂണ്‍ മതവിശ്വാസത്തെ അവഹേളിക്കുന്നതാണെന്ന പരാതിയുമായി കെ.സി.ബി.സി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് അവാര്‍ഡ് നിര്‍ണയം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ലളിതകലാ അക്കദമിയോട് ആവശ്യപ്പെട്ടത്.

ക്രിസ്തീയ മതപ്രതീകങ്ങളെ അവഹേളിക്കുകയെന്ന ലക്ഷ്യത്തോടെ കേരള ലളിതകലാ അക്കാദമി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്ത കാർട്ടൂൺ അങ്ങേയറ്റം പ്രകോപനപരവും പ്രതിക്ഷേധാർഹവുമാണെന്നാണ് കെസിബിസി വക്താവ് ഫാ. വർഗീസ് വള്ളിക്കാട്ട് പ്രതികരിച്ചത്.
 
ക്രിസ്ത്യൻ ന്യൂനപക്ഷം തിരഞ്ഞെടുപ്പിൽ ഒപ്പം നിന്നില്ല എന്ന മാർക്സിസ്റ്റു പാർട്ടിയുടെ വിലയിരുത്തലാണോ കാർട്ടൂൺ പുരസ്‌കാര പ്രഖ്യാപനത്തിന്റെ പിന്നിലുള്ള പ്രചോദനം എന്നു സംശയിക്കുന്നു. ബിഷപ് ഫ്രാങ്കോയുടെ പേരുപറഞ്ഞു ക്രൈസ്തവ വിശ്വാസ പ്രതീകമായ നല്ല ഇടയന്റെ പ്രതീകത്തെയാണ് കുരിശിനുപകരം അപമാനകരമായ ചിഹ്നം വരച്ചു അവഹേളിച്ചിരിക്കുന്നത്. ഈ വികല ചിത്രത്തിനാണ് കേരളത്തിലെ ഇടതു സർക്കാർ പുരസ്‌കാരം നൽകി ആദരിച്ചിരിക്കുന്നത്.
 
പുരസ്‌കാരം പിൻവലിച്ചു, ജനങ്ങളുടെ നികുതിപ്പണം ദുരുപയോഗിച്ചതിനു പൊതുസമൂഹത്തോടും, മത പ്രതീകത്തെ അപമാനിച്ചതിന് ക്രിസ്തീയ സമൂഹത്തോടും മാപ്പുപറയാൻ കേരള ലളിതകലാ അക്കാദമി ഭാരവാഹികൾ തയാറാകണം. ഇതാണോ ഇടതു സർക്കാരിന്റെ ന്യൂനപക്ഷ സംരക്ഷണവും മതേതരത്വവും എന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി വ്യക്തമാക്കണമെന്നും ഫാ. വർഗീസ് വള്ളിക്കാട്ട് പറഞ്ഞു.

അവാര്‍ഡ് നിര്‍ണ്ണയം വിവാദമായ പശ്ചാത്തലത്തില്‍ ഇക്കാര്യം പുനഃപരിശോധിക്കാന്‍ ലളിതകലാ അക്കദമി തീരുമാനിച്ചു. ഇതിനായി വിദഗ്ധസമിതിയെ നിയോഗിക്കും.

You might also like

Most Viewed