മരണാനന്തരം മതപരമായ ചടങ്ങുകളും സർക്കാരിന്‍റെ ഔദ്യോഗിക ആദരവും വേണ്ട: സുഗതകുമാരി


 

തിരുവനന്തപുരം: മരണാനന്തരം മതപരമായ ചടങ്ങുകളും സർക്കാരിന്‍റെ ഔദ്യോഗിക ആദരവും വേണ്ടെന്ന് കവയത്രി സുഗതകുമാരിയുടെ പ്രഖ്യാപനം. മരണശേഷം ശരീരത്തിൽ‍ ഒരു പൂവ് പോലും വയ്ക്കരുതെന്നും പൊതുദർശനങ്ങൾ വേണ്ടെന്നും  അവർ വ്യക്തമാക്കി. മരണാനന്തരം എത്രയും വേഗം ശാന്തികവാടത്തിൽ ദഹിപ്പിക്കണമെന്നും സുഗതകുമാരി പറഞ്ഞു.

മരണശേഷമുള്ള മതപരമായ ചടങ്ങുകളും ഔദ്യോഗിക ആദരവും വേണ്ടെന്ന് വച്ച മുൻഗാമികളുടെ പാതയാണ് സുഗതകുമാരിയും തെരഞ്ഞെടുത്തിരിക്കുന്നത്. മരിച്ചശേഷം റീത്തുകളും പുഷ്പചക്രങ്ങളുമായി പതിനായിരക്കണക്കിനു രൂപയുടെ പൂക്കളാണ് മൃതദേഹത്തിൽ മൂടുന്നതെന്ന് ചുണ്ടികാട്ടിയ അവർ അത്തരം ശവപുഷ്പങ്ങൾ എന്‍റെ ദേഹത്ത് വയ്ക്കുന്നത് ഇഷ്ടമല്ലെന്നും വ്യക്തമാക്കി.

ജീവിച്ചിരിക്കുന്പോഴാണ് ഇത്തരത്തിൽ സ്നേഹം കാട്ടേണ്ടതെന്നും അങ്ങനെയുള്ള ഇത്തിരി സ്‌നേഹം മാത്രംമതിയെന്നും സുഗതകുമാരി വിവരിച്ചു. മരണാനന്തരം എന്തൊക്കെ ചെയ്യണമെന്ന് ഒസ്യത്തിൽ എഴുതിവെച്ചിട്ടുണ്ടെന്നും അവർ വിശദീകരിച്ചു.

ശാന്തികവാടത്തിൽ നിന്ന് കിട്ടുന്ന ഭസ്മം ശംഖുംമുഖത്ത് കടലിലൊഴുക്കണെന്നും സഞ്ചയനവും പതിനാറും വേണ്ടെന്നും കവയത്രി വ്യക്തമാക്കി. പാവപ്പെട്ട കുറച്ച് പേർക്ക് ആഹാരം കൊടുക്കാൻ ഏർപ്പാട് ചെയ്തിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

You might also like

Most Viewed