തിരുവനന്തപുരം സ്വദേശിനിയായ ഹോം നഴ്സ് മലപ്പുറത്ത് കൊല്ലപ്പെട്ടു


വളാഞ്ചേരി: തിരുവനന്തപുരം സ്വദേശിനിയായ ഹോം നഴ്സിനെ വൈക്കത്തൂരിലെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയതാകാമെന്നാണ് നിഗമനം. പീഡനശ്രമത്തിനിടെയാണ് കൃത്യം നടന്നതെന്ന് പൊലീസ് കരുതുന്നു. തിരുവനന്തപുരം പൂന്തുറ സ്വദേശി സൂഫിയ മൻസിലിൽ റഫീഖിന്റെ ഭാര്യ നഫീസത്തിനെയാണ് (52) ചൊവ്വാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്.

നാല് ദിവസത്തോളം പഴക്കമുണ്ടായിരുന്ന മൃതദേഹം, മുറിക്കുള്ളിൽ കട്ടിലിൽ മലർന്നു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. പുഴുവരിച്ച നിലയിലായിരുന്ന മൃതദേഹത്തിലെ വസ്ത്രം ഭാഗികമായി നീങ്ങിക്കിടന്നിരുന്നു. പൊന്നാനിയിൽ താമസക്കാരനായ നഫീസത്തിന്റെ മകൻ ഷഫീഖ് ഇവരെ ഫോണിൽ കിട്ടാഞ്ഞതിനെ തുടർന്ന് താമസസ്ഥലത്ത് എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാരെയും വളാഞ്ചേരി പൊലീസിനെയും വിവരമറിയിച്ചു. വാതിലുകൾ തുറന്നിട്ട നിലയിലായിരുന്നു. ടി.വിയും ലൈറ്റുകളുമെല്ലാം പ്രവർത്തിച്ചിരുന്നു.

തിരൂർ ഡിവൈ.എസ്.പി. ജലീൽ തോട്ടത്തിൽ, വളാഞ്ചേരി എസ്.എച്ച്.ഒ. എം. മനോഹരൻ, മലപ്പുറത്ത് നിന്നുള്ള ഫോറൻസിക്, വിരലടയാള വിദഗ്ദ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. മരിച്ച നഫീസത്തുമായി ബന്ധമുള്ളവർ, നാട്ടുകാർ, ബന്ധുക്കൾ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

You might also like

Most Viewed