കുത്തുകേസ് പ്രതിയുടെ വീട്ടിൽ വ്യാജസീലും പരീക്ഷാപേപ്പറും: ആറ് പേർക്ക് സസ്പെൻഷൻ


തിരുവനന്തപുരം: കുത്തുകേസ് പ്രതിയുടെ വീട്ടിൽ വ്യാജസീലും പരീക്ഷാപേപ്പറും കണ്ടെത്തിയ സംഭവത്തില്‍ കേരള സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചു. ആറു പ്രതികളെയും അനിശ്ചിത കാലത്തേക്ക് കോളേജിൽ നിന്നു സസ്പെൻഡ് ചെയ്തു. സർവകലാശാലയാണ് ഇവരെ സസ്പെൻഡ് ചെയ്തത്. നേരത്തെ എസ്എഫ്ഐയിൽനിന്നും ഇവരെ സസ്പെൻ‍ഡ് ചെയ്തിരുന്നു.
യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തിവീഴ്ത്തിയ കേസിൽ ഒന്നാം പ്രതിയായ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ആർ. ശിവര‍ഞ്ജിത്തിന്റെ വീട്ടിൽ നിന്നാണ് പൊലീസ് വ്യാജസീലും പരീക്ഷാപേപ്പറും കണ്ടെത്തിയത്. കേരള സർവകലാശാല പരീക്ഷ എഴുതേണ്ട 12 ഷീറ്റിന്റെ 4 ഫുൾ സെറ്റും പത്തിൽ താഴെ ഷീറ്റുള്ള 11 സെറ്റുമാണ് കണ്ടെടുത്തത്. യൂണിവേഴ്സിറ്റി ഫിസിക്കൽ എജ്യൂക്കേ‍ഷൻ ഡയറക്ടറുടെ വ്യാജസീലും പിടിച്ചെടുത്തിട്ടുണ്ട്. ഇതേത്തുടർന്നാണ് വിഷയം അന്വേഷിക്കാൻ വാഴ്സിറ്റി ഉത്തരവിട്ടത്.
അഖിലിനെ കുത്തിയ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നാണ് ഇത് പിടിച്ചെടുത്തത്. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിന്റെ ആറ്റുകാൽ മേടമുക്ക് കാർത്തികനഗറിലെ വീട്ടിൽ കന്റോൺമെന്റ് പൊലീസ് നടത്തിയ പരിശോധനയിലാണ് കേരള സർവകലാശാല പരീക്ഷയ്ക്ക് ഉത്തരം എഴുതേണ്ട അഡീഷനൽ  ഷീറ്റുകളും ഫിസിക്കൽ എഡ്യൂക്കേഷൻ ഉദ്യോഗസ്ഥന്റെ സീലും കണ്ടെത്തിയത്. ഇതു റിപ്പോർട്ടു ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ പ്രതിയുടെ ബന്ധുക്കൾ കയ്യേറ്റം ചെയ്തു.
കോപ്പിയടിച്ചാണ് നേതാക്കള്‍ പരീക്ഷകളില്‍ ജയിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന സംഭവവികാസം. എസ്എഫ്ഐ നേതാക്കള്‍ പൊലീസ് നിയമനത്തിനുള്ള റാങ്ക് പട്ടികയില്‍ ഇടംപിടിച്ചതില്‍ അന്വേഷണം ആരംഭിച്ചതിനു തൊട്ടുപിന്നാലെയാണ് പ്രതികളുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയത്. യൂണിവേഴ്സിറ്റി കോളജില്‍ തന്നെ പരീക്ഷ എഴുതാന്‍ അനധികൃത സൗകര്യം ഒരുക്കിക്കൊടുത്തുവെന്ന ആക്ഷേപത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിരുന്നു. പിഎസ്‌സിയെ സമീപിച്ച് വിവരങ്ങള്‍ ശേഖരിക്കാനാണ് തീരുമാനം.
വധശ്രമക്കേസിലെ പ്രതികൾ പൊലീസ് നിയമന റാങ്ക് പട്ടികയിൽ മുന്നിലെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ റാങ്ക് പട്ടിക റദ്ദാക്കി വീണ്ടും പരീക്ഷ നടത്തണമെന്നു മുൻ ഡിജിപി ടി.പി.സെൻകുമാറും അഭിപ്രായപ്പെട്ടിരുന്നു. ഒന്നാം പ്രതി റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയതു സംശയകരമാണെന്നും സെൻകുമാർ പറഞ്ഞു. കണ്ണൂര്‍ ആസ്ഥാനമായ കെഎപി 4 ബറ്റാലിയനിലെ പൊലീസ് കോണ്‍സ്റ്റബിള്‍ നിയമനത്തിനായി ഒന്നാം തീയതിയാണ് പിഎസ്‌സി റാങ്ക് പട്ടികയിൽ പുറത്തിറക്കിയത്.
പ്രതികൾ പൊലീസ് റാങ്ക് പട്ടികയിൽ ഇടം പിടിച്ച പിഎസ്സി പരീക്ഷ എഴുതിയത് തിരുവനന്തപുരത്തെ കേന്ദ്രങ്ങളിൽ ആണെന്നും തെളിഞ്ഞിരുന്നു. ഹാൾ ടിക്കറ്റ് തിരുത്തിയാണോ ഇവർക്ക് സ്വന്തം ജില്ലയിൽ പരീക്ഷാകേന്ദ്രം അനുവദിച്ചതെന്ന് പിഎസ്സി പരിശോധിക്കും. അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ശിവരഞ്ചിത് റാങ്ക് പട്ടികയിൽ ഒന്നാമനും രണ്ടാം പ്രതി നസീം 28 റാങ്കുകാരനുമാണ്. യൂണിവേഴ്സിറ്റി കോളജിലെ മറ്റൊരു എസ്എഫ്ഐ നേതാവ് പി.പി. പ്രണവിനാണ് രണ്ടാം റാങ്ക്.

You might also like

Most Viewed