പ്രതികൾ റാങ്ക് പട്ടികയിൽ വന്നതിനെ ന്യായീകരിച്ച് പോലീസ് അസോസിയേഷൻ


തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തിയ കേസിലെ പ്രതികൾ പോലീസ് റാങ്ക് പട്ടികയിൽ വന്നതിനെ ന്യായീകരിച്ച് പോലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി. പോലീസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ന്യായീകരണം. ഗ്രേസ് മാർക്കിന്‍റെ അടിസ്ഥാനത്തിലാണ് ഇവർക്ക് ഉയർന്ന റാങ്ക് കിട്ടിയതെന്നാണ് ജനറൽ സെക്രട്ടറിയുടെ വിശദീകരണം.
അതേസമയം,കേസിലെ മുഖ്യപ്രതികൾ കുറ്റം സമ്മതിച്ചെന്ന് പോലീസ്. കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാംപ്രതി നിസാമുമാണ് കുറ്റം സമ്മതിച്ചതെന്ന് കന്‍റോൺമെന്‍റ് പോലീസാണ് അറിയിച്ചത്. ഇരുവരെയും ഇന്നലെ കേശവദാസപുരത്തു നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഖിലിനെ കുത്തിയ സംഭവത്തിനു ശേഷം ഇവർ ഒളിവിലായിരുന്നു. ഇവരെ കണ്ടെത്താനായി പോലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇരുവരും അറസ്റ്റിലായതോടെ കേസിൽ ആറ് പ്രതികൾ പിടിയിലായി. എസ്എഫ്ഐ കോളജ് യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ആരോമൽ, അദ്വൈത്, ആദിൽ എന്നിവരും എസ്എഫ്ഐ പ്രവർത്തകനായ ഇജാബുമാണു വധശ്രമക്കേസിൽ പോലീസിന്‍റെ പിടിയിലായത്. അദ്വൈത് കേസിലെ മൂന്നാം പ്രതിയും ആരോമൽ, ആദിൽ എന്നിവർ ആറും ഏഴും പ്രതികളുമാണ്. പോലീസ് ആദ്യം പുറത്തുവിട്ട പ്രതിപ്പട്ടികയിൽ ഇജാബിന്‍റെ പേരുണ്ടായിരുന്നില്ല. കുറ്റകൃത്യത്തിൽ പങ്കാളികളായ കണ്ടാലറിയാവുന്ന 30 പേർക്കെതിരേയും പോലീസ് കേസെടുത്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണു നേമം സ്വദേശിയായ ഇജാബിനെ ഞായറാഴ്ച പോലീസ് അറസ്റ്റ്ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇജാബിനെ റിമാൻഡ് ചെയ്തിരുന്നു. നേരത്തെ, ആരോമൽ, അദ്വൈത്, ആദിൽ എന്നിവരെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയതെന്നാണ് പോലീസ് അറിയിച്ചത്. എന്നാൽ, സി.പി.എം നേതൃത്വത്തിന്‍റെ ഉപദേശമനുസരിച്ച് ഇവർ കീഴടങ്ങുകയായിരുവെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം.ഞായറാഴ്ച പ്രതികളുടെ വീടുകളിൽ പോലീസ് നടത്തിയ റെയ്ഡിൽ ഒന്നാം പ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്നു കേരള സർവകലാശാലയുടെ കെട്ടുകണക്കിന് ഉത്തരക്കടലാസുകളും ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ സീലും പോലീസ് പിടിച്ചെടുത്തിരുന്നു.

You might also like

Most Viewed