മഞ്ചേശ്വരം കേസ് അവസാനിപ്പിച്ചു; സുരേന്ദ്രൻ 42,000 രൂപ നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: മഞ്ചേശ്വം തിരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് നൽകിയ ഹർജി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പിൻവലിച്ച സാഹചര്യത്തിലാണ് നടപടി. തിരഞ്ഞെടുപ്പ് ക്രമക്കേട് തെളിയിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും തന്റെ ആരോപണം സാക്ഷി വിസ്താരത്തിലൂടെ തെളിയിക്കാൻ ബുദ്ധിമുട്ടാണെന്നു ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രൻ ഹർജി പിൻവലിച്ചത്.
ഹർജി പിൻവലിക്കാനുള്ള സുരേന്ദ്രന്റെ അപേക്ഷ കോടതി നേരത്തെ അനുവദിച്ചിരുന്നു. കേസ് നടത്തിപ്പിന്റെ ചിലവ് സുരേന്ദ്രൻ നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി എതിർകക്ഷി പിൻവലിച്ചതോടെയാണ് നടപടികൾ പൂർണമായി അവസാനിപ്പിക്കാൻ കോടതി തീരുമാനിച്ചത്.
അതേസമയം, കേസിന്റെ ഭാഗമായി കൊണ്ടുവന്ന വോട്ടിംഗ് യന്ത്രങ്ങൾ കാക്കനാട്ട് നിന്ന് മഞ്ചേശ്വരത്തെക്ക് തിരികെകൊണ്ടു പോകുന്നതിന്റെ ചിലവായ 42,000 രൂപ സുരേന്ദ്രൻ നൽകണം. സുരേന്ദ്രനെതിരെ മത്സസരിച്ച് വിജയിച്ച എം.എൽ.എയായ പി.കെ.അബ്ദുൽ റസാഖ് അന്തരിച്ചതോടെയാണ് കേസ് അനശ്ചിതത്വത്തിലായത്. 89 വോട്ടുകൾക്കാണ് മഞ്ചേശ്വരത്ത് സുരേന്ദ്രന് പരാജയപ്പെട്ടത്. വ്യാപകമായ കള്ളവോട്ടാണ് തന്റെ പരാജയകാരണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുരേന്ദ്രന്റെ ഹർജി.