വീട്ടമ്മയുടെ എസ്.ബി അക്കൗണ്ടിൽ നിന്ന് 20,000 രൂപ മോഷണം പോയി; മകൻ‍ അറസ്റ്റിൽ‍


കോഴിക്കോട്: സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ‍ നിന്ന് അമ്മയുടെ എ.ടി.എം കാർ‍ഡ് ഉപയോഗിച്ച് 20,000 രൂപ മോഷ്ടിച്ച കേസിൽ മകൻ അറസ്റ്റിൽ. ചൊവ്വാഴ്ചയാണ് അമ്മയുടെ ഫോണിലേക്ക് പണം പിൻവലിച്ചതായി സന്ദേശമെത്തിയത്. കൂലിപ്പണിയെടുത്ത് ഉപജീവനം നടത്തുന്ന അമ്മയ്ക്ക് ഇംഗ്ലീഷ്  വായിച്ച് അർ‍ത്ഥം മനസ്സിലാക്കാനുള്ള കഴിവില്ല. സന്ദേശം മൊബൈൽ‍ ഫോണിലെത്തിയ കാര്യം‍ പറഞ്ഞുകൊടുത്തത് മകൻ തന്നെയാണ്. വെള്ളയിൽ‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മാനാഞ്ചിറയ്ക്ക് സമീപമുള്ള എസ്.ബി.ഐ എ.ടി.എം കൗണ്ടറിൽ‍ നിന്നാണ് പണം പിൻ‍വലിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി.  തുടർ‍ന്ന് എ.ടി.എം കൗണ്ടറിലെ സി.സി.ടി.വി ദൃശ്യങ്ങൾ‍ പരിശോധിച്ചപ്പോൾ‍ പോലീസിന് കള്ളനെ പിടികിട്ടി. അമ്മയേയും മകനേയും ഒന്നിച്ച് പോലീസ് േസ്റ്റഷിൽ‍ വ്യാഴാഴ്ച വിളിച്ചു വരുത്തി അമ്മയുടെ സാന്നിദ്ധ്യത്തിൽ‍ മകനെ ചോദ്യം ചെയ്തു. ഇതോടെ പണം പിൻവലിച്ചത്  താനാണെന്ന് മകൻ സമ്മതിച്ചു.

പണം എന്തു ചെയ്‌തെന്നായി പോലീസിന്റെ അടുത്ത ചോദ്യം. കൂട്ടുകാരുമൊത്ത് പതിവായി ഭക്ഷണം കഴിക്കാറുള്ള ഹോട്ടലിൽ‍ പറ്റ് പണം നൽ‍കിയ കാര്യം ആദ്യം വെളിപ്പെടുത്തി. രണ്ടാമത് പാലാഴി ബൈപ്പാസ് റോഡ് ജംഗ്ഷനിലെ വ്യാപാര സമുച്ചയത്തിൽ‍ കൂട്ടുകാരുടെ ബൈക്കിൽ‍ പോയി വസ്ത്രങ്ങൾ‍ വാങ്ങിച്ചും അവർ‍ക്കൊപ്പം നഗരത്തിൽ‍ ബൈക്കിൽ‍ കറങ്ങാനും 8000 രൂപ  ഉപയോഗിച്ചെന്നും ബാക്കി വീട്ടിൽ‍ സൂക്ഷിച്ചെന്നും മകൻ പറഞ്ഞു.

ഇതോടെ മകനെ വെറുതെ വിടണമെന്നും തനിക്ക് പരാതിയില്ലെന്നും അമ്മ പറഞ്ഞു. എന്നാൽ‍ എഫ്.ഐ.ആർ‍ ഇട്ടതാണെന്നും മോഷണക്കുറ്റത്തിനാണ് കേസെടുത്തതെന്നും നടപടിക്രമങ്ങളെല്ലാം പൂർ‍ത്തിയായതിനാൽ‍ നിസ്സഹായ അവസ്ഥയിലാണ് തങ്ങളെന്ന് പോലീസ് ഉദ്യോഗസ്ഥരും വ്യക്തമാക്കി. അവസാനം അമ്മയും പോലീസും ചേർ‍ന്ന് മകനെ ജുവനൈൽ‍ കോടതിയിൽ‍ ഹാജരാക്കി.

You might also like

Most Viewed