സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഡാമുകളിലേക്കുള്ള നീരൊഴുക്ക് കൂടി


തിരുവനന്തപുരം: സംസ്ഥാനത്ത് 24 വരെ കനത്ത മഴയ്ക്ക് സാധ്യത. കടൽ‍ക്ഷോഭം രൂക്ഷമായതിനാൽ‍ മത്സ്യത്തൊഴിലാളികൾ‍ കടലിൽ‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. അറബിക്കടലിൽ‍നിന്നുള്ള കാറ്റ് കേരളത്തിനു കുറുകെ വീശിത്തുടങ്ങിയതോടെയാണു മഴ ശക്തിപ്പെട്ടത്. മഴയെത്തിക്കുന്ന ആഗോള മഴപ്പാത്തിയും (ട്രഫ്) ഇപ്പോൾ‍ കേരളത്തിനു മുകളിലായി. ഇതിനു പുറമേ ബംഗാൾ‍ ഉൾ‍ക്കടലിൽ‍ ന്യൂനമർ‍ദത്തിനു മുന്നോടിയായി കാറ്റ് ശക്തിപ്പെട്ടു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2.72 അടി ഉയർ‍ന്ന് 2307.12 അടിയിലെത്തി.

കഴിഞ്ഞ വർ‍ഷം ഇതേസമയം 2382.26 അടിയായിരുന്നു വെള്ളം. ഇടുക്കിയുടെ വൃഷ്ടിപ്രദേശത്ത് 10.74 സെ.മീ മഴ ലഭിച്ചു. 38.467 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽ‍പാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി. കെ.എസ്.ഇ.ബിയുടെ കീഴിലുള്ള അണക്കെട്ടുകളിലെ ജലശേഖരം ഒറ്റ ദിവസംകൊണ്ടു രണ്ടു ശതമാനം കൂടി. കുറ്റിയാടിയിലാണ് ഏറ്റവും അധികം മഴ ലഭിച്ചത്, 19 സെ.മീ. കരുതൽ‍ സംഭരണിയായ ഇടുക്കി, ശബരിഗിരി അടക്കമുള്ള വലിയ പദ്ധതികളിലെ ഉൽ‍പാദനം കുറച്ചു. പെരിയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പുയർ‍ന്നു. പെരിയാറിന്റെ കരകളിലുള്ളവർ‍ക്കു കലക്ടർ‍ ജാഗ്രതാ നിർ‍ദേശം നൽ‍കി.

കാഞ്ഞങ്ങാട് അരയിപ്പുഴ കരകവിഞ്ഞൊഴുകിയതിനെത്തുടർ‍ന്ന് മുപ്പതോളം കുടുംബങ്ങളെ മാറ്റിപ്പാർ‍പ്പിച്ചു. വിഴിഞ്ഞത്തുനിന്നു കടലിൽ‍പോയി കാണാതായ നാലു മത്സ്യത്തൊഴിലാളികൾ‍ തിരിച്ചെത്തി. കേരളതീരത്ത് 50 കിലോമീറ്റർ‍വരെ വേഗതയിൽ‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാൽ‍ മത്സ്യത്തൊഴിലാളികൾ‍ കടലിൽ‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്.

കാസർ‍കോട് ജില്ലയിലെ കുടലുവിലാണ് ഏറ്റവും കൂടുതൽ‍ മഴ രേഖപ്പെടുത്തിയിരിക്കുന്നത് 31 സെന്റി മീറ്റർ‍. ഹോസ്ദുർ‍ഗിൽ‍ 28 , കണ്ണൂരിൽ‍ 22 , തലശ്ശേരിയിൽ‍ 19 സെന്റിമീറ്റർ‍ ഇങ്ങനെയാണ് തീവ്രമഴയുടെ കണക്കുകൾ‍. എല്ലാ ജില്ലകളിലും ശക്തമായ മഴ കിട്ടുന്നുണ്ട്. മണിക്കൂറിൽ‍ 50 കിലോമീറ്റർ‍ വരെ വേഗതയുള്ള പടിഞ്ഞാറന്‍ കാറ്റിനും 4.3 മീറ്റർ‍വരെ ഉയരമുള്ള തിരമാലകൾ‍ക്കും ഇടയുള്ളതിനാൽ‍ മത്സ്യതൊഴിലാളികൾ‍ കടലിൽ‍ പോകരുത്. ഇടുക്കി, പന്പ, ഇടമലയാർ‍ തുടങ്ങി കെ.എസ്.ഇ.ബിക്ക് കീഴിലെ പ്രധാന 16 സംഭരണികളിലും ജലനിരപ്പ് കുറവാണ്.

You might also like

Most Viewed