യൂണി. കോളേജ് അക്രമം: പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളുടെ വീടുകളിലും ബന്ധു വീടുകളിലും തെരച്ചിൽ നടത്തുകയാണെന്നും എന്നാൽ പ്രതികൾ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. 10 പ്രതികളെയാണ് ഇനി പിടികൂടാനുള്ളത്. പ്രതികളുടെ ഫോട്ടോ ഉൾപ്പെടുത്തി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
കന്റോൺമെന്റ് പോലീസാണ് യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസ് അന്വേഷിക്കുന്നത്. കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്ത്, നസീം ഉൾപ്പെടെയുള്ള പ്രധാന പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തെളിവെടുപ്പിന് ശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.