സി.പി.ഐ മാർച്ചിന് നേരെ ലാത്തിച്ചാർജും ജലപീരങ്കിയും: എം.എൽ.എയ്ക്ക് പോലീസ് മർദ്ദനം


കൊച്ചി: എറണാകുളത്ത് ഐ.ജി ഓഫീസിലേക്ക് സി.പി.ഐ പ്രവർത്തകർ നടത്തിയ മാർച്ചിനിടെ സംഘർഷം. മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാമിന് ഉൾപ്പടെ പോലീസിന്‍റെ ലാത്തിയടിയേറ്റു. നിരവധി പ്രവർത്തകർക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഞാറയ്ക്കൽ സർക്കാർ ആശുപത്രിക്ക് മുന്നിൽ സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ ഞാറയ്ക്കൽ സി.ഐ മുരളിയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാർച്ച് തടഞ്ഞതോടെ പ്രവർത്തകർ പ്രകോപിതരായി. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.  ബാരിക്കേഡ് പ്രതിഷേധക്കാർ മറിച്ചിട്ടതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശി. എം.എൽ.എ അടക്കമുള്ള നേതാക്കൾക്കും നിരവധി പ്രവർത്തകർക്കും ലാത്തിയടിയേറ്റു.

വൈപ്പിൻ സർക്കാർ കോളേജിലുണ്ടായ എസ്.എഫ്.ഐ− എ.ഐ.എസ്.എഫ് സംഘർഷത്തിൽ പരിക്കേറ്റ എ.ഐ.എസ്.എഫ് പ്രവർത്തകരെ കാണാൻ ജില്ലാ സെക്രട്ടറി എത്തിയപ്പോഴാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അദ്ദേഹത്തിന്‍റെ കാർ തടഞ്ഞത്. 15 മിനിറ്റോളം ജില്ലാ സെക്രട്ടറിയെ തടഞ്ഞുവച്ചതോടെ സ്ഥലത്ത് സി.പി.ഐ പ്രവർത്തകരും എത്തി. പിന്നീട് വാക്കേറ്റമായി. ഈ വിഷയത്തിലടക്കം പോലീസ് പക്ഷപാതപരമായിട്ടാണ് പെരുമാറുന്നതെന്നും ജില്ലാ സെക്രട്ടറിയെ തടഞ്ഞത് നോക്കിനിന്ന ഞാറയ്ക്കൽ സി.ഐയെ സസ്പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു ഐ.ജി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.

You might also like

Most Viewed