നിപ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് ആശുപത്രി വിട്ടു


കൊച്ചി: നിപ ബാധിച്ച് കൊച്ചിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് ആശുപത്രി വിട്ടു. നിപയെ അതിജീവിച്ച എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും പറവൂർ വടക്കേക്കര സ്വദേശിയുമായ ഗോകുൽ കൃഷ്ണ ഇന്ന് രാവിലെയാണ് ആശുപത്രിവിട്ടത്. ഗോകുൽ കൃഷ്ണയെ കാണാൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറെത്തി. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ 53 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ഗോകുൽ കൃഷ്ണ വീട്ടിലേക്ക് മടങ്ങിയത്. വളരെയേറെ ആശങ്കകൾ നിറഞ്ഞ നാളുകൾക്ക് ഇതോടെ വിരാമമാകുകയാണ്. ഗോകുൽ കൃഷ്ണയെ കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നിയെന്ന് മന്ത്രി തന്‍റേ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

കഴിഞ്ഞ വർഷത്തെ നിപ വൈറസ് ബാധയുടെ നടുക്കം മാറും മുന്പ് എറണാകുളം ജില്ലയിൽ നിപ റിപ്പോർട്ട് ചെയ്തത് വളരെ ആശങ്കയുണ്ടാക്കിയിരുന്നു. മുന്പത്തെ അനുഭവമുണ്ടായിരുന്നതിനാൽ വളരെവേഗം ഉണർന്ന് പ്രവർത്തിക്കുവാൻ ആരോഗ്യ വകുപ്പിനായി. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് ഏതാനും മണിക്കൂറുകൾക്കുള്ളിൽ അത്യാസന്നനിലയിൽ ആവുകയും മരണം വരിക്കുകയും ചെയ്യുക എന്ന അസാധാരണമായ അനുഭവമാണ് നിപയിലെങ്കിലും അതിനെ സധൈര്യം നേരിടാൻ ആരോഗ്യ വകുപ്പിനായെന്ന് മന്ത്രി പറഞ്ഞു.

You might also like

Most Viewed